ന്യൂയോര്‍ക്ക് : യു.എസില്‍ 53 നായകളുമായി സഞ്ചരിച്ച വിമാനം വിസ്കോന്‍സിനിലെ ഒരു ഗോള്‍ഫ് കോഴ്സിലേക്ക് ഇടിച്ചിറക്കി. മൂന്ന് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ന്യൂഓര്‍ലീന്‍സില്‍ നിന്ന് വിസ്കോന്‍സിനിലെ വോകീഷായിലെ ഒരു മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് വന്ന ഇരട്ട എന്‍ജിന്‍ ചെറുവിമാനമാണ് അപകടത്തില്‍പ്പെട്ടത്. പ്രദേശത്തെ ചില മരങ്ങളില്‍ തട്ടിയ ശേഷമാണ് വിമാനം മഞ്ഞ് മൂടിയ പ്രദേശത്തേക്ക് ഇടിച്ചിറക്കിയത്. വിമാനത്തിന് കാര്യമായ നാശനഷ്ടം സംഭവിച്ചു. 300 ഗാലണിലേറെ ഇന്ധനം വിമാനത്തില്‍ നിന്ന് ചോര്‍ന്നു.
വളരെ അപകടകരമായ രീതിയിലാണ് വിമാനം ലാന്‍ഡ് ചെയ്തതെങ്കിലും ഉള്ളിലുണ്ടായിരുന്ന മൂന്ന് പേരും 53 നായകളും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.