കോട്ടയം : കോട്ടയത്ത് എക്സൈസ് സംഘത്തെ കണ്ട് കഞ്ചാവ് വിഴുങ്ങിയ യുവാവിനെ ആശുപത്രിയില്‍ എത്തിച്ച് കഞ്ചാവ് പുറത്തെടുത്തുസംക്രാന്തി മമ്മൂട് സ്വദേശി ചിറ്റിലക്കാലായില്‍ ലിജുമോന്‍ ജോസഫാണ് പിടിയിലായത്. കോട്ടയത്ത് സംക്രാന്തി പേരൂര്‍ റോഡില്‍ ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.
ഏറ്റുമാനൂര്‍ എക്സൈസ് സംഘം പട്രോളിംങിനിടെ മമ്മൂട് കവലയില്‍ വച്ച് ഇയാളെ സംശയാസ്പദമായ രീതിയില്‍ കണ്ടതിനെ തുടര്‍ന്ന് ചോദ്യം ചെയ്തു. എന്നാല്‍ ദേഹപരിശോധന ഭയന്ന് പ്രതി ഓടി രക്ഷപെടാന്‍ ശ്രമിച്ചു. എന്നാല്‍ എക്സൈസ് സംഘം സാഹസികമായി പിടികൂടിയതോടെ നിവൃത്തിയില്ലാതെ കൈവശം ഉണ്ടായിരുന്ന കഞ്ചാവ് പൊതി വിഴുങ്ങുകയായിരുന്നു.
ഉടന്‍ തന്നെ ഇത് പുറത്തെടുക്കാന്‍ എക്സൈ്സ് സംഘം ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഇതിനിടെ കഞ്ചാവ് പൊതി തൊണ്ടയില്‍ കുടുങ്ങി, ശ്വാസതടസം അടക്കമുള്ള അസ്വസ്ഥതകളും കാണിച്ചതോടെ ഉടന്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച് വിഴുങ്ങിയ കഞ്ചാവ് പുറത്തെടുത്തു.