ചവറ : ശക്തികുളങ്ങര ഹാര്‍ബര്‍ റോഡില്‍ വെച്ച് അജ്ഞാത വാഹനം ഇടിച്ചു മയില്‍ ചത്തു.ഇന്നലെ രാവിലെ 6.30 ഓടെയാണ് സംഭവം.വാഹനമിടിച്ച് റോഡില്‍ കിടന്ന മയിലിനെ തെരുവുനായ കടിക്കുന്നത് കണ്ടു നാട്ടുകാര്‍ കാവനാട് പൊലീസിനെ വിവരം അറിയിച്ചു. എന്നാല്‍ വിവരം അറിഞ്ഞെത്തിയ ജീവകാരുണ്യ പ്രവര്‍ത്തകരായ ശക്തികുളങ്ങര രവി ടയിലേഴ്സ് ഉടമ ഗണേഷനും ശക്തികുളങ്ങര മത്സ്യഫെഡ് സി.പി.സിയിലെ ജീവനക്കാരന്‍ ബാബുവും ചേര്‍ന്ന് മയിലിനെ തേവള്ളിയിലെ വെറ്ററിനറി ഹോസ്പിറ്റലില്‍ എത്തിച്ചു. പിന്നീട് പ്രഥമിക നടപടികള്‍ക്കായി കൊല്ലത്തെ ഫോറസ്റ്റ് ഓഫീസില്‍ ഏല്‍പ്പിച്ചെങ്കിലും രാവിലെ 11 മണിയോടെ മയില്‍ ചത്തു. ഈ മാസം രണ്ടാമത്തെ മയിലിനെയാണ് വാഹനം ഇടിക്കുന്നത്.