ചാത്തന്നൂര്‍: കഞ്ചാവ് ലഹരിയിലായിരുന്ന യുവാവ് തുടങ്ങിവച്ച പരാക്രമം ചാത്തന്നൂര്‍ ആല്‍ത്തറ ജംഗ്ഷനില്‍ കൂട്ടത്തല്ലില്‍ കലാശിച്ചു.കല്ലുവാതുക്കല്‍ സ്വദേശിയായ കിരണാണ് (18) കഞ്ചാവ് ലഹരിയില്‍ പ്രദേശത്തെ ട്യൂഷന്‍ സെന്ററില്‍ കയറി അദ്ധ്യാപകരെ അസഭ്യം പറയുകയും ഓരോ ക്ലാസിലുമുള്ള പെണ്‍കുട്ടികളുടെ എണ്ണമെടുക്കണമെന്നും ആവശ്യപ്പെട്ട് ബഹളം വച്ചത്. അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ശ്രമിച്ചിട്ടും യുവാവ് പിന്തിരിയാതിരുന്നതോടെ നാട്ടുകാര്‍ ഇടപെട്ടു. ഇതോടെ നാട്ടുകാര്‍ക്കുനേരേയായി കിരണിന്റെ ആക്രോശം. ഇതിനിടെ നാട്ടുകാര്‍ രണ്ടായി തിരിഞ്ഞ് അടി തുടങ്ങി.പഞ്ചായത്ത് പ്രസിഡന്റ് ടി.ദിജു, സി.പി.എം പ്രവര്‍ത്തകരായ എസ്.കെ.ഷിബു, വസന്തകുമാര്‍, സുമേഷ് തുടങ്ങിയവര്‍ ഇടപെട്ട് ഇരുകൂട്ടരെയും പിന്തിരിപ്പിക്കാന് ശ്രമിച്ചെങ്കിലും വിഫലമായി. കിരണിനെ തടഞ്ഞുവച്ച് ചാത്തന്നൂര്‍ പൊലീസിനെ വിളിച്ചെങ്കിലും അവരെത്താനും വൈകി. പൊലീസെത്തുമെന്നറിഞ്ഞ് ഇടയ്ക്ക് പിരിഞ്ഞുപോയ സംഘം വീണ്ടും സംഘടിച്ചെത്തിയതോടെ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന നിലയായി. രണ്ടാം വട്ടം അടി തുടങ്ങും മുമ്ബേ പൊലീസ് എത്തി കിരണിനെ സ്റ്റേഷനിലേയ്ക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.