കണ്ണൂര്‍: കേളകത്തെ യുവാവിന്റെ ദുരൂഹമരണത്തില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍. അടയ്ക്കാത്തോട് മുട്ടുമാറ്റി ബ്രാഞ്ച് സെക്രട്ടറി ചേനാട്ട് ജോബിനെയാണ് അറസ്റ്റ് ചെയ്തത്.ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.
കഴിഞ്ഞ മാസം 27 നാണ് അടക്കാത്തോട് സ്വദേശി പുലിയിളക്കല്‍ സന്തോഷിനെ വീട്ടില്‍ നിന്നും 2 കിലോമീറ്റര്‍ അകലെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് രണ്ട് ദിവസം മുമ്ബ് സിപിഎം ബ്രാഞ്ച് സെക്രട്ടറി ജോബിന്റെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ സന്തോഷിനെ മര്‍ദിച്ചിരുന്നു. മര്‍ദനത്തില്‍ പരിക്കേറ്റ സന്തോഷ് പിറ്റേന്ന് ഡോക്ടറെ കാണിക്കാനായി വീട്ടില്‍ നിന്നിറങ്ങിയതാണ്.
അടുത്ത ദിവസം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.സന്തോഷിന്റെ ഫോണിലേക്ക് ഒത്തുതീര്‍പ്പിനെന്ന പേരില്‍ പലതവണ ജോബിന്‍ വിളിച്ചിരുന്നു. സന്തോഷിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. എന്നാല്‍ സന്തോഷും ജോബിനും തമ്മിലുള്ള വ്യക്തിപരമായ തര്‍ക്കമാണ് മര്‍ദനത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തല്‍. സംഘര്‍ഷം ഉണ്ടായതിന് പിന്നില്‍ രാഷ്ട്രീയമില്ല. മര്‍ദനമേറ്റത്തിന്റെ മനോവിഷമവും, വ്യക്തിപരമായ തര്‍ക്കം കൂടുതല്‍ സങ്കീര്‍ണമാകുമെന്ന ആശങ്കയുമാകാം ആത്മഹത്യക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.