ന്യൂഡല്‍ഹി: ധനകാര്യ മന്ത്രി നിര്‍മ്മലാ സീതാരാമന്‍, റിസര്‍വ് ബാങ്ക് റീജിയണല്‍ ഡയറക്ടര്‍ എസ്.എം.എന്‍ സ്വാമി തുടങ്ങിയ പ്രമുഖരുടെ വ്യാജ ഒപ്പിട്ട രേഖകളുപയോഗിച്ച് 3000 പേരില്‍ നിന്ന് ഇന്‍ഷ്വറന്‍സ് തട്ടിച്ച നാലുപേരെ ഡല്‍ഹി പൊലീസിന്റെ സ്‌പെഷ്യല്‍ സെല്‍ പിടികൂടി.മെഹ്‌താബ് ആലം (33), സര്‍താജ് ഖാന്‍ (31), മുഹമ്മദ് ജുനൈദ് (29), ദീന്‍ മുഹമ്മദ് (27) എന്നിവരാണ് അറസ്റ്റിലായത്. മറ്റ് പ്രതികള്‍ക്കായി അന്വേഷണം തുടരുകയാണ്.നിര്‍മ്മലയുടെ ഒപ്പുള്ള വ്യാജ കത്ത് ലഭിച്ചയാളില്‍ നിന്ന് 1,27,000 രൂപ തട്ടിയെടുത്തെന്ന ധനമന്ത്രാലയത്തിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഇന്‍ഷ്വറന്‍സ് കമ്പനികളിലെയും പണമിടപാട് സ്ഥാപനങ്ങളിലെയും കാള്‍ സെന്ററുകളിലെയും ജീവനക്കാരായിരുന്നു പ്രതികള്‍. ഇന്‍ഷ്വറന്‍സ് തുക പാസായെന്ന് ഇരകളെ ഫോണിലൂടെ അറിയിച്ച ശേഷം റിസര്‍വ്ബാങ്കിന്റെയടക്കം വ്യാജ വിലാസത്തില്‍ നിന്ന് ഇ-മെയിലും തുടര്‍ന്ന് തപാലില്‍ വ്യാജ രേഖകളും ചെക്കുകളും അയയ്‌ക്കും. ചെക്ക് ലഭിച്ചവരില്‍ നിന്ന് പ്രോസസിംഗ്, ഫണ്ട് റിലീസിംഗ്, നോ ഒബ്‌ജക്‌ഷന്‍ സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് തുടങ്ങിയ പേരുകളിലാണ് വന്‍ തുക വാങ്ങിയിരുന്നത്.മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.