കൊളത്തൂർ: സത്സംഗത്തിലൂടെ ജീവിതവിജയം നേടാമെന്ന് ഋഷികേശ് കൈലാസാശ്രമം ആചാര്യൻ സ്വാമി മേധാനന്ദ പുരി പറഞ്ഞു. കൊളത്തൂർ അദ്വൈതാശ്രമത്തിൽ ആരംഭിച്ച ‘നമാമി ശങ്കരം’ ശാങ്കരഭാഷ്യ പാരായണാഞ്ജലിയുടെ ഭാഗമായി ശ്രീമദ് ഭഗവദ്ഗീതയിലെ രണ്ടാമദ്ധ്യായത്തിലെ ശ്ലോകങ്ങളെ അധികരിച്ച് പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വളരെ കുറച്ചെങ്കിലും സത്സംഗം നേടിയാൽ ജീവിതഭയത്തിൽ നിന്ന് മോചനം നേടാം. സത്സംഗത്തിലൂടെ ലഭിക്കുന്ന അന്ത:കരണ ശുദ്ധിയും ദൃഢതയും ജീവിതയാത്രയിൽ നമ്മെ മുന്നോട്ടു നയിക്കാൻ പര്യാപ്തമാണെന്ന് സ്വാമിജി ഉദ്ബോധിപ്പിച്ചു.
ഉത്തരകാശി ആദിശങ്കര ബ്രഹ്മവിദ്യാപീഠം ആചാര്യൻ സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദ തീർത്ഥയും ഭഗവദ്ഗീത രണ്ടാം അദ്ധ്യായത്തിലെ ശ്ലോകങ്ങളെ അധികരിച്ച് പ്രഭാഷണം നടത്തി. കർമ്മമേഖലയിൽ പ്രവർത്തിക്കുമ്പോൾ നിശ്ചയബുദ്ധി വേണമെന്നും വിജയകരമായ പരിസമാപ്തിക്ക് അത് ഉതകുമെന്നും സ്വാമിജി പറഞ്ഞു.
ഡോ.ധനഞ്ജയ് ദിവാകർ സഗ്ദേവിനെ (വിവേകാനന്ദ മെഡിക്കൽ മിഷൻ, മുട്ടിൽ, വയനാട്) സ്വാമി മേധാനന്ദ പുരിയും ഹരിബ്രഹ്മേന്ദ്രാനന്ദ തീർത്ഥയും ചേർന്ന് ആദരിച്ചു.
സ്വാമി ചിദാനന്ദ പുരി, ഡോ.ധനഞ്ജയ് ദിവാകർ സഗ്ദേവ് എന്നിവർ സംസാരിച്ചു. ആചാര്യന്മാർ പങ്കെടുത്ത സംവാദ സദസ് ശ്രദ്ധേയമായി.
വ്യാഴാഴ്ച കാലത്ത് 5 മണിക്ക് ഗ്രാമസങ്കീർത്തനത്തോടെ 6 മണിക്ക് ശാങ്കരഭാഷ്യപാരായണാഞ്ജലി ആരംഭിക്കുന്നു. വൈകിട്ട് 4 മണിക്ക് സ്വാമി ഉത്തമാനന്ദ ഗിരി, സ്വാമി വിവിക്താനന്ദ സരസ്വതി എന്നിവർ പ്രഭാഷണം നടത്തും. നെല്ലായി കെ. വിശ്വനാഥന്റെ വയലിൻ കച്ചേരിയുമുണ്ടാകും.
Total Views: 14300