ടെഹ്റാന്: രാജ്യത്ത് അരങ്ങേറുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയറിയിച്ച പ്രമുഖ സിനിമാ നടിയെ അറസ്റ്റ് ചെയ്ത് ഇറാന്.പ്രതിഷേധങ്ങളില്‍ അടിസ്ഥാനരഹിതമായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന പേരില്‍ തരാനെ അലിദൂസ്തി എന്ന നടിയാണ് അറസ്റ്റിലായത്. തന്റെ വാദങ്ങളെ സാധൂരിക്കാനുള്ള തെളിവുകള്‍ ഹാജരാക്കുന്നതില്‍ തരാനെ പരാജയപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. പ്രതിഷേധക്കാരെ വധശശിക്ഷയ്ക്ക് വിധേയമാക്കുന്നതിനെതിരെ നടി അടുത്തിടെ രംഗത്തെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് തരാനെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നെങ്കിലും ഡിലീറ്റ് ചെയ്യപ്പെട്ടു. നവംബര്‍ ആദ്യം പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹിജാബില്ലാതെയുള്ള ചിത്രവും38കാരിയായ തരാനെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. 2017ല്‍ മികച്ച വിദേശ ചിത്രത്തിനുള്ള ഓസ്കാര്‍ നേടിയ ‘ ദ സെയില്‍സ്മാനി “ലെ നായികയാണ് തരാനെ.ഹിജാബ് ധരിക്കാത്തതിന് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്സ അമിനി എന്ന 22കാരി മരിച്ചതിന് പിന്നാലെ സെപ്തംബര്‍ 16 മുതലാണ് രാജ്യത്ത് സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രക്ഷോഭങ്ങള്‍ ആരംഭിച്ചത്. പ്രക്ഷോഭത്തിനിടെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലുകളില്‍ ഇതുവരെ 700ഓളം പേര് കൊല്ലപ്പെട്ടെന്നാണ് അനൗദ്യോഗിക കണക്ക്.