ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ ഖുസ്ദാര്‍ നഗരത്തില്‍ ഇരട്ട സ്ഫോടനം. ഇരുപത് പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.നഗരത്തിലെ പ്രധാന റോഡിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉമര്‍ ഫാറൂഖ് ചൗക്കിലെ തിരക്കേറിയ ഷോപ്പിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന മോട്ടോര്‍ സൈക്കിളില്‍ സ്ഥാപിച്ച ബോംബാണ് ആദ്യം പൊട്ടിത്തെറിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റു. റിമോട്ട് നിയന്ത്രിത ബോംബാണ് ആദ്യം പൊട്ടിത്തെറിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനിടയിലാണ് സമീപത്ത് മോട്ടോര്‍ സൈക്കിളില്‍സ്ഥാപിച്ചിരുന്ന രണ്ടാമത്തെ ബോംബ് പൊട്ടിത്തെറിച്ചത്. രണ്ടാമത്തെ സ്ഫോടനത്തില്‍ 13 പേര്‍ക്കാണ് പരിക്കേറ്റത്. രണ്ട് പേരുടെ നില അതീവ ഗുരുതരമായി തുടരുന്നതായാണ് വിവരം.