പാലോട്: തെങ്കാശി പാതയില്‍ പാലോടിനടുത്ത് ജവഹര്‍ കോളനി സ്വാമിമുക്കില്‍ മോട്ടോര്‍ ബൈക്ക് തെന്നി സ്വകാര്യ ബസിനടിയില്‍പെട്ട് ബൈക്ക് യാത്രക്കാരായ സുഹൃത്തുക്കള്‍ക്ക് ദാരുണാന്ത്യം.വട്ടക്കരിക്കകം സൊസൈറ്റി മുക്ക് തടത്തരികത്തുവീട്ടില്‍ നവാസ് (21), വട്ടക്കരിക്കകം സൊസൈറ്റി മുക്ക് രോഹിണി ഭവനില്‍ ഉണ്ണിക്കുട്ടന്‍ (22) എന്നിവരാണ് മരിച്ചത്.ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം. മണ്ണുമാന്തി യന്ത്രത്തിന്റെ ഡ്രൈവര്‍മാരായിരുന്നു ഇരുവരും. ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം.നിയന്ത്രണംവിട്ട ബൈക്കില്‍നിന്ന് രണ്ടുപേരും തെറിച്ച് പ്രൈവറ്റ് ബസിനടിയില്‍പ്പെടുകയായിരുന്നു. ബസിന്റെ പിന്‍ ടയര്‍ കയറിയിറങ്ങി ഇരുവരും തല്‍ക്ഷണം മരിച്ചു. പാലോട്ടുനിന്ന് മടത്തറയ്ക്കു പോവുകയായിരുന്നു എസ്.എം.എസ് എന്ന ബസ്. ഒരു മാസം മുന്‍പാണ്ഉണ്ണിക്കുട്ടനും നവാസും തുല്യമായി പണംമുടക്കി ജോലിക്കുപോകാന്‍ സെക്കന്‍ഡ് ഹാന്‍ഡ് ബൈക്ക് വാങ്ങിയത്.ഈ ബൈക്കാണ് മരണത്തിനിടയാക്കിയതും. പരേതനായ സുഗുണന്റെയും പ്രകാശിനിയുടെയും മകനാണ് ഉണ്ണിക്കുട്ടന്‍. ഉണ്ണിമായ ആണ് സഹോദരി. നാസിമുദ്ദീന്റെയും മുബീനയുടെയും മകനാണ് നവാസ്. അസിം സഹോദരന്‍.ഉണ്ണിക്കുട്ടന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചു.നവാസിന്റെ മൃതദേഹം ഇന്ന്രാവിലെ പൂച്ചെടിക്കാല മുസ്ലിം ജമാഅത്തില്‍ കബറടക്കും.