ആറ്റിങ്ങല്‍: ക്രിസ്മസ് ആഘോഷത്തിനിടെ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ നാലുപേരില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു.രണ്ടുപേരെ കാണാതായി. ഒഴുക്കില്‍പ്പെട്ട ഒരാളെ രക്ഷപ്പെടുത്തി. തുമ്പ ആറാട്ട് വഴി സ്വദേശി ഫ്രാങ്കോ ബെയ്സില്‍ (38), അഞ്ചുതെങ്ങ് മാമ്പള്ളി സ്വദേശി സജന്‍ ആന്റണി (34) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
ഞായറാഴ്ച ഉച്ചയ്ക്ക് തുമ്പ കടലില്‍ കുളിക്കാനിറങ്ങവേയാണ് ശക്തമായ തിരയില്‍ ഫ്രാങ്കോയെ കാണാതായത്. നിലവിളി കേട്ടെത്തിയ മത്സ്യത്തൊഴിലാളികള്‍ ഫ്രാങ്കോയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അഞ്ചുതെങ്ങ് മാമ്ബള്ളിയില്‍ കടലില്‍ കാണാതായ അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് വീട്ടില്‍ സജന്‍ ആന്റണിയുടെ (35)മൃതദേഹം വെട്ടൂര്‍ റാത്തിക്കല്‍ നിന്ന് ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് കണ്ടെത്തിയത്.പുത്തന്‍തോപ്പ് കടലില്‍ കാണാതായ പുത്തന്‍തോപ്പ് ചിറ്റാറ്റുമുക്കില്‍ ഷൈന്‍ നിവാസില്‍ ശ്രേയസ് (16), കണിയാപുരം മസ്താന്‍ മുക്കില്‍ അബ്ദുല്‍ സലാം – സബീന ദമ്പതികളുടെ മകന്‍ സാജിദ് (19) എന്നിവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. കടലില്‍ മുങ്ങിപ്പോയ സാജിദിനെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ശ്രേയസ് അപകടത്തില്‍പ്പെട്ടത്. കാണാതായ സാജിദ് പ്ളസ്ടു കഴിഞ്ഞ് കഴക്കൂട്ടത്തെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ശ്രേയസ് കുളത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ളസ്‌വണ്‍ വിദ്യാര്‍ത്ഥിയാണ്.അപകടവാര്‍ത്ത അറിഞ്ഞ് ശ്രേയസിന്റെ പിതാവ് ബിനു വിദേശത്തു നിന്ന് നാട്ടിലെത്തി.കാണാതായവര്‍ക്കുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ഞായറാഴ്ച തന്നെ കോസ്റ്റല്‍ പൊലീസും മത്സ്യത്തൊഴിലാളികളും തെരച്ചില്‍ നടത്തിയെങ്കിലും ഇവരെ കണ്ടെത്താനായില്ല.