കല്ലമ്പലം : യാത്രയ്‌ക്കിടെ കെ.എസ്.ആര്‍.ടി.സി ബസില്‍ കുഴഞ്ഞുവീണ യുവതിക്ക് ഡ്രൈവറും കണ്ടക്ടറും രക്ഷകരായി. പാലോട് ഡിപ്പോയിലെ ഡ്രൈവര്‍ സുനില്‍കുമാര്‍ എല്‍.പിയും കണ്ടക്ടര്‍ ഷാജിയുമാണ് മാതൃകയായത്. തിരുവനന്തപുരത്ത് നിന്ന് കരുനാഗപ്പള്ളിയിലേക്ക് പോകുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസിലാണ് തിരുവനന്തപുരം സ്വദേശിയായ യുവതി കുഴഞ്ഞുവീണത്. സീറ്റിലിരുന്ന യുവതി അസ്വസ്ഥത പ്രകടിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കണ്ടക്ടര്‍ ഇവര്‍ ഇരുന്ന ഭാഗത്തെ വിന്‍ഡോ ഷട്ടര്‍ താഴ്‌ത്തിയിരുന്നു. കുറച്ചുകഴിഞ്ഞാണ് യുവതി അബോധാവസ്ഥയിലായത്. ഈ സമയം ബസ് കടുവാപ്പള്ളിക്ക് സമീപമെത്തിയിരുന്നു.
തുടര്‍ന്ന് യാത്രക്കാരുമായി സംസാരിച്ചശേഷം ബസ് കെ.ടി.സി.ടി ആശുപത്രിയിലേക്ക് തിരിച്ചു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചശേഷം യുവതിക്ക് ഡോക്ടര്‍മാര്‍ വിദഗ്ദ്ധ ചികിത്സ നല്‍കി. അത്യാവശ്യമുള്ള യാത്രക്കാരെ ബസുകളില്‍ കയറ്റിവിട്ട ശേഷം ബാക്കി യാത്രക്കാരുമായി ഡ്രൈവറും കണ്ടക്ടറും യുവതിക്ക് ബോധം വീഴുന്നതുവരെ ആശുപത്രിയിലുണ്ടായിരുന്നു.