കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ബോംബുവെച്ചിട്ടുണ്ടെന്ന വ്യാജ ഫോണ്‍ സന്ദേശഭീഷണിമുഴക്കിയ യുവാവ് അറസ്റ്റില്‍.കണ്ണൂര്‍ സിറ്റിയിലെ നാലുവയല്‍ സ്വദേശി റിയാസാ(29)ണ് പൊലിസ് പിടിയിലായത്. മദ്യലഹരിയിലാണ് ഫോണ്‍ ഭീഷണിമുഴക്കിയതെന്നു ഇയാള്‍ പൊലിസിന് മൊഴിനല്‍കിയിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ ടോള്‍ ഫ്രീനമ്ബറായ 112-ല്‍ വിളിച്ചയാളെ കണ്ണൂര്‍ ടൗണ്‍ പൊലിസ് തിരിച്ചറിഞ്ഞിരുന്നു.
കണ്ണൂര്‍ സിറ്റി പൊലിസ് സ്‌റ്റേഷനിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. കണ്ണൂര്‍ ടൗണ്‍ എസ്. ഐ സി. എച്ച് നസീബിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച്ച രാത്രി എട്ടുമണിക്കാണ് അടിയന്തിരസഹായത്തിനുളള പൊലിസ് എമര്‍ജന്‍സി നമ്പറായ 112-ലേക്ക് ഫോണ്‍വിളിയെത്തിയത്. ഇ. ആര്‍. എസ്. എസ് ( എമര്‍ജന്‍സി റെസ്‌പോണ്‍സ് സപ്പോര്‍ട്ട് സിസ്റ്റം) പ്രകാരം കോള്‍ തിരുവനന്തപുരം സര്‍വറിലെത്തി അവിടെ നിന്നും കണ്ണൂര്‍ സിറ്റി പൊലിസിലേക്ക് മേസെജ് വരികയായിരുന്നു.ഇതു പ്രകാരം 112-ലേക്ക് വിളിച്ച മൊബൈല്‍ ഫോണ്‍ പൊലിസ് തിരിച്ചറിയുകയായിരുന്നു. ഈ നമ്പര്‍ ഉടമയെ തിരിച്ചറിഞ്ഞു ചോദ്യം ചെയ്തപ്പോള്‍ ഇതു കുറച്ചു നാളായി റിയാസാണ് ഉപയോഗിക്കുന്നതെന്നു മൊഴിനല്‍കുകയായിരുന്നു.