കാഞ്ഞിരപ്പള്ളി: ലഹരിവസ്തുക്കളുമായി അറസ്റ്റിലായ യുവാവിന് മയക്കുമരുന്ന് എത്തിച്ചുകൊടുത്തയാള്‍ അറസ്റ്റിൽ. ചാമംപതാല്‍ ഷാലിമാര്‍ വീട്ടില്‍ ആദില്‍ എസ്. ഹനീഫിനെയാണ് (21) കാഞ്ഞിരപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം പൂതക്കുഴി ഇല്ലത്തുപറമ്പില്‍ വീട്ടില്‍ മുഹമ്മദ് കൈസ് എന്നയാളുടെ മുറിയില്‍നിന്ന് വില്‍പനക്ക് സൂക്ഷിച്ച 0.11 ഗ്രാം എല്‍.എസ്.ഡി സ്റ്റാമ്ബും 0.25 ഗ്രാം ഹഷീഷ് ഓയിലും പിടികൂടിയിരുന്നു.
ഇയാളെ ചോദ്യം ചെയ്തതില്‍നിന്ന് ആദില്‍ ഹനീഫാണ് ലഹരിവസ്തുക്കള്‍ എത്തിച്ചുകൊടുത്തിരുന്നതെന്ന് വ്യക്തമായി. തുടര്‍ന്ന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിന്‍റെ നേതൃത്വത്തിലെ അന്വേഷണസംഘം ആദില്‍ ഹനീഫിനെ തൃശൂരില്‍നിന്ന് പിടികൂടുകയായിരുന്നു.