കാഠ്മണ്ഡു: നേപ്പാളില്‍ യാത്രാവിമാനം തകര്‍ന്ന് അഞ്ച് ഇന്ത്യക്കാരുള്‍പ്പെടെ 68 പേര്‍ക്കു ദാരുണാന്ത്യം.യതി എയര്‍ലൈന്‍സിന്‍റെ 72 സീറ്റുള്ള വിമാനം പ്രാദേശികസമയം ഇന്നലെ രാവിലെ 11 മണിയോടെ പൊഖാറ രാജ്യാന്തരവിമാനത്താവളത്തില്‍ ഇറങ്ങുന്നതിനുമുന്പു തീപിടിച്ചു തകര്‍ന്നുവീഴുകയായിരുന്നു. നാലു റഷ്യന്‍ പൗരന്മാരും രണ്ടു ദക്ഷിണകൊറിയന്‍ വംശജരും ഒരു അയര്‍ലന്‍ഡുകാരനും വിമാനത്തിലുണ്ടായിരുന്നു. മരിച്ചവരില്‍ മൂന്നു നവജാത ശിശുക്കളും മൂന്നു കുട്ടികളും ഉണ്ട്. യാത്രക്കാര്‍ക്കുപുറമേ മുതിര്‍ന്ന പൈലറ്റുമാരായ കെ.സി. കമലും അഞ്ജു ഖതിവാഡയും ഉള്‍പ്പെടെ നാലു ജീവനക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ രാജ്യാന്തരവിമാനത്താവളത്തില്‍ നിന്നുരാവിലെ 10:33 ന് പറന്നുയര്‍ന്ന 9 എന്‍-എഎന്‍സി എടിആര്‍-72 വിമാനം ഇറങ്ങുന്നതിന് ഏതാനും മിനിറ്റുകള്‍ക്കു മുന്പ് അപകടത്തില്‍പ്പെടുകയായിരുന്നുവെന്ന് സിവില്‍ ഏവിയേഷന്‍ അഥോറിറ്റി ഓഫ് നേപ്പാള്‍ അറിയിച്ചു. ഇറങ്ങാന്‍ അനുമതി ലഭിച്ച ശേഷമായിരുന്നു അത്യാഹിതം. ഇറങ്ങുന്നതിനു 10 സെക്കന്‍ഡ് മാത്രം അവശേഷിക്കെ ആകാശത്തുവച്ച് നിയന്ത്രണം നഷ്ടപ്പെട്ട വിമാനം വലിയ ശബ്ദത്തോടെ താഴേക്കു പതിക്കുകയായിരുന്നു.