പരപ്പനങ്ങാടി:വാട്സാപ്പിലൂടെ വിവാഹമോചിതയായ സ്ത്രീയാണെന്ന് വിശ്വസിപ്പിച്ച് വിവാഹവാഗ്ദാനം ചെയ്ത് അരിയല്ലൂര്‍ സ്വദേശിയില്‍ നിന്ന് മൂന്ന് ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തു.പെരിന്തല്‍മണ്ണ സ്വദേശി താഴത്തേതില്‍ മുഹമ്മദ് അദ്നാന്‍(31) ആണ് അറസ്റ്റിലായത്. ഏഴു മാസങ്ങള്‍ക്കു മുമ്ബാണ് അരിയല്ലൂര്‍ സ്വദേശിയുമായി അനഘ എന്ന പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് യുവാവ് വാട്സാപ്പില്‍ സൗഹൃദം സ്ഥാപിച്ചത്. അമ്മ അസുഖബാധിതയാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയെടുത്തത്. ഒരേസമയം അനഘയായും പെണ്‍കുട്ടിയുടെ അടുത്ത സുഹൃത്തായയും രണ്ടു റോളുകളാണ് മുഹമ്മദ് അദ്നാന്‍ കൈകാര്യം ചെയ്തിരുന്നത്. പെണ്‍കുട്ടി ഒരിക്കലും നോര്‍മല്‍ കോള്‍ വിളിക്കുകയോ വോയ്സ് ചാറ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ നിന്നുംഡൗണ്‍ലോഡ് ചെയ്ത ഒരു പെണ്‍കുട്ടിയുടെ ഫോട്ടോ ഇയാള്‍ പരാതിക്കാരന് അയച്ചു കൊടുത്തിരുന്നു. പ്രണയമായി മാറിയ യുവാവ് ഈ കുട്ടിയെ വിവാഹം കഴിക്കുന്നതിനും നേരിട്ട് കാണുന്നതിനുമായി എട്ടു തവണയോളം പെരിന്തല്‍മണ്ണ പോകുകയുണ്ടായി. സഹോദരിമാരെ വരെ ഒപ്പം കൂട്ടിയിരുന്നു. ഒടുവില്‍ സംശയം തോന്നിയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.