കോട്ടയം : വീട്ടുമുറ്റത്തു കളിക്കുന്നതിനിടെ കിണറ്റില്‍ വീണു രണ്ടര വയസുകാരിക്കു ദാരുണാന്ത്യം. മാങ്ങാനം ഒളവാപ്പറമ്പില്‍ ശാലു സുരേഷ്-നിബിന്‍ ബിജു ദമ്പതികളുടെ രണ്ടാമത്തെ മകള്‍ നൈസാമോളാ(രണ്ടര വയസ്)ണ് മരണമടഞ്ഞത്. ഇന്നലെ വൈകിട്ട് അഞ്ചരയോടെ മാങ്ങാനം ലക്ഷം കോളനിയിലെ പഞ്ചായത്ത് കിണറ്റിനു സമീപത്താണ് സംഭവം. അയല്‍പക്കത്തെ കുട്ടികളുമായി കളിക്കുകയായിരുന്നു നൈസാമോള്‍. പത്തു മാസമായ ഇളയകുഞ്ഞിനു പാലുകൊടുക്കുന്നതിന് അമ്മ വീടിനുള്ളിലേക്കു പോയപ്പോഴായിരുന്നു ദുരന്തം. ഉയരം കുറഞ്ഞ സംരക്ഷണഭിത്തിയുള്ള കിണറിന്റെ സമീപത്തായി പാറപ്പൊടി കൂട്ടിയിട്ടിട്ടുണ്ട്. മണല്‍ക്കൂനയില്‍ കയറി കളിക്കുന്നതിനിടെ കുട്ടി കിണറ്റില്‍ വീഴുകയായിരുന്നു. നൈസാമോെള വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് കിണറിനുള്ളില്‍ കിടക്കുന്നതു കണ്ടത്. പ്രദേശവാസികള്‍ ഉടന്‍ കുട്ടിയെ കിണറ്റില്‍നിന്നെടുത്ത് മാങ്ങാനം മന്ദിരം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.