മലപ്പുറം: കോലളമ്പ് സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി ലഹരി നല്‍കി വിവസ്ത്രനാക്കി മര്‍ദിച്ച സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍.കോലളമ്പ് കോലത്ത് സ്വദേശി വെങ്ങേല വളപ്പില്‍ യാദവ് (22), ഐലക്കാട് നരിയംവളപ്പില്‍ കിരണ്‍ (21), തുയ്യം എല്‍.ജെ പടി സ്വദേശി കീഴാഞ്ചേരി ഹൗസില്‍ അനൂപ് (22), ഐലക്കാട് കോട്ടമുക്ക് സ്വദേശി കോരംകുഴിയില്‍ തുഫൈല്‍ (23) എന്നിവരെയാണ് ചങ്ങരംകുളം സി.ഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 24നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കോലളമ്പ് സ്വദേശിനി പണ്ടാരത്തില്‍ റഹ്മത്തിന്റെ മകന്‍ ഫര്‍ഹല്‍ അസീസിനെയാണ് (23) വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി രാവും പകലും ക്രൂരമായി മര്‍ദിച്ചത്. പണവും യു.എ.ഇ ഐ.ഡി അടക്കമുള്ള രേഖകളും മൊബൈലും കവര്‍ന്ന സംഘം നഗ്നനാക്കി വിഡിയോ ചിത്രീകരിച്ച ശേഷം ഉപേക്ഷിക്കുകയായിരുന്നു.