തൃശൂര്‍ : ഒല്ലൂര്‍ എടക്കുന്നി സ്വദേശി പോളണ്ടില്‍ കുത്തേറ്റു മരിച്ചു. ഒല്ലൂര്‍ എടക്കുന്നി ഇ.എസ്.ഐക്കു സമീപം മൂത്തേടത്ത് മുരളിധരന്റെ മകന്‍ സൂരജാ(23)ണു മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാലു മലയാളി യുവാക്കള്‍ക്കും കുത്തേറ്റു. ജോര്‍ജിയന്‍ പൗരന്മാരുമായുള്ള വാക്കു തര്‍ക്കത്തിനിടെ ഇവരിലൊരാളുടെ കുത്തേറ്റാണു സൂരജ് മരിച്ചതെന്നാണു വിവരം.
അഞ്ചു മാസം മുമ്ബു പോളണ്ടിലേക്കു പോയ സൂരജ് അവിടെ സ്വകാര്യ കമ്ബനിയില്‍ സൂപ്പര്‍വൈസറായിരുന്നു. പോളണ്ടിലുള്ള സുഹൃത്തുക്കളാണു മരണവിവരം സൂരജിന്റെ ബന്ധുക്കളെ അറിയിച്ചത്. പോളണ്ടിലെ ഇന്ത്യന്‍ എംബസി മരണവിവരം സ്‌ഥിരീകരിച്ചു.
സൂരജിന്റെ നെഞ്ചിനും കഴുത്തിനുമാണു കുത്തേറ്റത്. പരുക്കേറ്റ ഒരു മലയാളിയെ ശസ്‌ത്രക്രിയയ്‌ക്കു വിധേയനാക്കിയതായും വിവരമുണ്ട്. സംഭവത്തിലെ പ്രതികളായ ജോര്‍ജിയന്‍ പൗരന്മാര്‍ക്ക് വേണ്ടി തെരച്ചില്‍ആരംഭിച്ചതായാണ് പോളണ്ട് പോലിസ് അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 10നുള്ളില്‍ മൃതദേഹം നാട്ടിലെത്തുമെന്ന പ്രതീക്ഷയിലാണു വീട്ടുകാര്‍. അമ്മ സന്ധ്യ. സഹോദരി സൗമ്യ.
പോളണ്ടില്‍ അടുത്തടുത്ത ദിവസങ്ങളില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളിയാണു സൂരജ് .