തിരുവനന്തപുരം: ബോംബേറുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട ഗുണ്ടാസംഘം ആക്രമണം ആസൂത്രണം ചെയ്യുന്നതിനിടെ ഒളിത്താവളത്തില്‍ നിന്ന് ആയുധങ്ങളുമായി കഠിനംകുളം പൊലീസിന്റെ പിടിയിലായി.തുമ്ബ സ്വദേശി ലിയോണ്‍ ജോണ്‍സണ്‍,കുളത്തൂര്‍ സ്റ്റേഷന്‍കടവ് സ്വദേശി അഖില്‍,കഴക്കൂട്ടം സ്വദേശി വിജീഷ് എന്നിവരാണ് പിടിയിലായത്.
വെട്ടുകത്തി,വടിവാള്‍,മഴു തുടങ്ങിയ ആയുധങ്ങള്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തു.
കഴിഞ്ഞവര്‍ഷം തുമ്പയില്‍ യുവാവിന്റെ കാല്‍ ബോംബെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതികളാണ് മൂവരും. ഗുണ്ടാആക്‌ട് പ്രകാരം ജയില്‍ ശിക്ഷയിലായിരുന്ന ലിയോണ്‍ ജോണ്‍സണ്‍ നാലുദിവസം മുമ്പാണ് പുറത്തിറങ്ങിയത്. ഇയാള്‍ക്കെതിരെ 28 കേസുകളുണ്ട്പിടിയിലായ മറ്റുള്ളവര്‍ക്കെതിരെ കഴക്കൂട്ടം,തുമ്ബ,പേട്ട,അയിരൂര്‍,മംഗലപുരം സ്റ്റേഷനുകളിലും കേസുകളുണ്ട്. കഠിനംകുളം തുരുത്തിലെ ഒരു വീട്ടില്‍ അടുത്ത ആക്രമണത്തിന് പദ്ധതിയിടുമ്പോഴാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ പൊലീസ് ഇവരെ പിടികൂടിയത്.കഠിനംകുളത്തെ ബാറിന് മുമ്പില്‍ ശാന്തിപുരം സ്വദേശി മഹേഷിനെ വെട്ടിപ്പരിക്കേല്പിച്ച കേസിലെ പ്രതി സാബു സില്‍വയെയും പൊലീസ് പിടികൂടി. പുലര്‍ച്ചെ ഒളിത്താവളത്തില്‍ നിന്ന് ഓടി രക്ഷപെട്ട സാബുവിനെ പിടികൂടാന്‍ ശ്രമിക്കുമ്പോൾ പൊലീസിനെ കത്തികൊണ്ട് ആക്രമിച്ചു.