കണ്ണൂര്‍ : കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തി പൂര്‍ണ ഗര്‍ഭിണിയും ഭര്‍ത്താവും ദാരുണമായി വെന്ത് മരിച്ചു.കുറ്റ്യാട്ടൂര്‍ കാരാറമ്പ് സ്വദേശി പ്രജിത്ത് (35) ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. പുറകിലുണ്ടായിരുന്ന നാല് പേരെ ഓടിക്കൂടിയ നാട്ടുകാര്‍ രക്ഷപ്പെടുത്തി.വ്യാഴാഴ്‌ച 11 മണിയോടെയാണ് കണ്ണൂര്‍ ജില്ലാ ആശുപത്രിക്കടുത്ത് നഗരത്തെ നടുക്കിയ ദുരന്തമുണ്ടായത്.പ്രജിത്ത് ആയിരുന്നു കാര്‍ ഓടിച്ചത്. റീഷയും കാറിന്റെ മുന്‍സീറ്റിലായിരുന്നു.ഇന്ന് രാവിലെ പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കാന്‍ കുറ്റ്യാട്ടൂരില്‍ നിന്നും പുറപ്പെട്ടതായിരുന്നു. മുന്‍വാതിലുകള്‍ തുറക്കാന്‍ കഴിയാത്തതിനാല്‍ പ്രജിത്തിനെയും റീഷയെയും പുറത്തിറക്കാനായില്ല. തീപടരുന്നതു കണ്ടു പ്രജിത്ത് കാറിന്റെ പിന്‍വശത്തെ ഡോര്‍ തുറന്നു കൊടുത്തതു കൊണ്ടു മാത്രമാണ് റീഷയുടെ പിതാവ് ആര്‍ടിസ്റ്റ് വിശ്വനാഥന്‍, അമ്മ ശോഭന , വിശ്വനാഥന്റെ സഹോദരന്റെ ഭാര്യ സജ്ന , പ്രജിത്ത് -റീഷ ദമ്പതികളുടെ മകള്‍ ഏഴു വയസുകാരി ശ്രീപാര്‍വതി എന്നിവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്.ഇവര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.
വിവരം അറിഞ്ഞ ഉടനെ ഫയര്‍ ഫോഴ്‌സ് എത്തി തീ പൂര്‍ണ്ണമായും അണച്ച് പ്രിജിത്തിനേയും റീഷയേയും പുറത്തെടുത്തുവെങ്കിലും അപ്പോഴെക്കും മരിച്ചിരുന്നു.