കോഴിക്കോട് : കോഴിക്കോട്ടെ കൊടുവള്ളിയില്‍ കള്ളക്കടത്ത് സ്വര്‍ണ്ണം പിടിച്ചെടുത്ത സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഡിആര്‍ഐ.ഇവിടെ സ്ഥിരമായി എത്തിയിരുന്ന ആളുകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.കൊടുവള്ളി നഗരത്തിലെ ഒരു വീടിന്റെ മുകളില്‍ സജീകരിച്ച സ്വര്‍ണ്ണം ഉരുക്കുന്ന കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് നാല് കോടി രൂപക്ക് മുകളില്‍ വില വരുന്ന 7.2 കിലോയോളം അനധികൃത സ്വര്‍ണ്ണം പിടിച്ചെടുത്തത്. 13.2 ലക്ഷം രൂപയും പിടികൂടിയിട്ടുണ്ട്. കരിപ്പൂര്‍ എയര്‍പോര്‍ട്ടിലൂടെയടക്കം കടത്തിക്കൊണ്ടുവന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്. കാലങ്ങളായി വീടിന്റെ ടെറസില്‍ വെച്ച് ഇവര്‍ കടത്ത് സ്വര്‍ണം ഉരുക്കിയിരുന്നതായാണ് ഡിആര്‍ഐ സംഘം വിശദീകരിക്കുന്നത്. കൊച്ചി ഡിആര്‍ഐ യൂണിറ്റില്‍ നിന്നുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അന്വേഷണ സംഘംകൊടുവള്ളിയില് ക്യാമ്പ് ചെയ്ത് വരികയായിരുന്നു.സംഭവത്തില്‍ നാലു പേര് പിടിയിലായിട്ടുണ്ട്. സ്വര്‍ണ്ണം ഉരുക്കി വേര്‍തിരിക്കുന്ന കേന്ദ്രത്തിന്റെ ഉടമ ജയാഫര്‍, കൂടെയുണ്ടായിരുന്ന കൊടുവള്ളി സ്വദേശികളായ റഷീദ്, റഫീഖ്, കൊടുവള്ളി മഹിമ ജ്വല്ലറി ഉടമ മുഹമ്മദ് എന്നിവരാണ് പിടിയിലായത്.