ചിറ്റൂര്‍: ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ ഇന്നലെ പ്രസവചികിത്സയ്‌ക്കിടെ അമ്മയും കുഞ്ഞും മരിച്ചു. നല്ലേപ്പിള്ളി പാറക്കളം കൃഷ്‌ണന്‍കുട്ടിയുടെ മകള്‍ അനിത(27) ആണ് മരണമടഞ്ഞത്.മരണം ചികിത്സാ പിഴവുമൂലമാണെന്നു ബന്ധുക്കള്‍ ആരോപിച്ചു.
നിഷ്‌പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ടു ചിറ്റൂര്‍ പോലീസില്‍ പരാതി നല്‍കിയതായി കൃഷ്‌ണന്‍കുട്ടി പറഞ്ഞു. “മൂന്നു ദിവസമായി മകള്‍ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രസവ സംബന്ധമായ ചികിത്സയിലായിരുന്നു. പ്രത്യേക അസുഖങ്ങളൊന്നും ഉണ്ടായിരുന്നില്ല. പ്രസവവേദനയെത്തുടര്‍ന്ന് ഇന്നലെ രാവിലെ ഒന്‍പതോടെ ഓപ്പറേഷന്‍ തിയറ്ററിലേക്കു മാറ്റി. സുഖപ്രസവമല്ലെന്നും ശസ്‌ത്രക്രിയ വേണ്ടിവരുമെന്നും ഡോക്‌ടര്‍ അറിയിച്ചു. ശസ്‌ത്രക്രിയയ്‌ക്കുശേഷം പുറത്തെടുത്ത കുട്ടിയുടെ നില ആശങ്കാജനകമാണെന്നും സ്വകാര്യ ആശുപത്രിയിലേക്കുമാറ്റേണ്ടിവരുമെന്നും ഡോക്‌ടര്‍ പറഞ്ഞു. സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി കുട്ടി മരിച്ചു. ശസ്‌ത്രക്രിയയെത്തുടര്‍ന്നു രക്‌തസ്രാവം അനിയന്ത്രിതമായതോടെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കു കൊണ്ടുപോകും വഴി അമ്മയും മരിച്ചു.