തൃശൂര്‍ : കടയിലെ ചില്ലുവാതിലില്‍ മുഖമിടിച്ചു വീണു പരുക്കേറ്റ റിട്ട. നാവികസേനാ ഉദ്യോഗസ്‌ഥന്‍ മരിച്ചു. ചാവക്കാട് മണത്തല നാഗയക്ഷ ക്ഷേത്രത്തിനടുത്ത് തെരുവത്ത് വെളിയങ്കോട് വീട്ടില്‍ ഉസ്‌മാനാ(84)ണു മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30ന് ചാവക്കാട് പെട്രോള്‍ പമ്പിനടുത്തെ ഡേറ്റ്‌സ് ആന്‍ഡ് നടസ് കടയിലേക്കു കയറുമ്പോഴായിരുന്നു അപകടം.
ചില്ലുവാതിലാണെന്ന് അറിയാതെ വേഗത്തില്‍ കടയിലേക്കു നടന്നുകയറാന്‍ ശ്രമിക്കുമ്പോള്‍ തലയിടിക്കുകയായിരുന്നു. തുടര്‍ന്നു പിന്നിലേക്കു തലയിടിച്ചു വീണു. വീഴ്‌ചയില്‍ തലയുടെ പിന്‍ഭാഗത്ത് ആഴത്തില്‍ മുറിവേറ്റു.
ഗുരുതരമായി പരുക്കേറ്റ ഉസ്‌മാനെ ചാവക്കാട് ടോട്ടല്‍ കെയര്‍ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കുമാറ്റി. ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.