കാസര്‍കോട്: തോക്ക് ചൂണ്ടി ലോറികള്‍ തട്ടിയെടുത്ത് പണം കൊള്ളയടിക്കാന്‍ ശ്രമിച്ച അധോലോക സംഘത്തില്‍പ്പെട്ട നാലു പേരെ പോലീസ് നാടകീയമായി അറസ്റ്റ് ചെയ്തു.കര്‍ണാടക ചിക്കൂര്‍ പാത സ്വദേശി സഫ് വാന്‍, മഹാരാഷ്ട്ര സ്വദേശി രാകേഷ് കിഷോര്‍(30), പൈവളിക കളായി സ്വദേശി സഫാഹ് (22), ഉപ്പള സോങ് സ്വദേശി ഹൈദര്‍ അലി(22) എന്നിവരെയാണ് മഞ്ചേശ്വരം പോലീസ് സാഹസികമായി പിടികൂടിയത്.
പ്രതികള്‍ തട്ടിക്കൊണ്ടു പോയ ലോറികളും സഞ്ചരിക്കാനുപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു.ബുധനാഴ്ച രാത്രി മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മിയാപദവിലാണ് സംഭവം. ചെങ്കല്‍ കയറ്റിവന്ന രണ്ട് ലോറികളെ ആള്‍ട്ടോ കാറിലും ബൈക്കിലും എത്തിയ ആറംഗസംഘം തടഞ്ഞുനിര്‍ത്തി സം ഘത്തിലെ രണ്ടുപേര്‍ ഡ്രൈവര്‍മാര്‍ക്ക് നേരെ തോക്ക് ചൂണ്ടി കൊലപ്പെടുത്തുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി ലോറികളുമായി കടന്നു കളയുകയായിരുന്നു.
വിവരമറിഞ്ഞ മഞ്ചേശ്വരം ഇന്‍സ്പെക്ടര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സ്ഥലത്തെത്തി ലോറി തട്ടിക്കൊണ്ടു പോയ കുരുടപ്പദവ് കൊമ്മംഗള ഭാഗത്തേക്ക് പിന്തുടര്‍ന്നു.പിന്നീട് കുരുടപ്പദവ് കൊമ്മംഗള എന്ന സ്ഥലത്തെത്തിയതോടെ പോലീസിനെ കണ്ട അക്രമികള്‍ ലോറി ഉപേക്ഷിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടെ തട്ടിക്കൊണ്ടുപോയ ലോറികള്‍ക്ക് അകമ്ബടി പോയ കാറില്‍ നിന്നിറങ്ങിയവര്‍ പോലീസിന് നേരെയും തോക്ക് ചൂണ്ടി.അതിസാഹസികമായി പോലീസ് സംഘം രണ്ടു പേരെ കീഴ്പ്പെടുത്തുകയായിരുന്നു. രണ്ടുപേര്‍ രക്ഷപ്പെട്ടു.തുടര്‍ന്ന് രാത്രി നടത്തിയ തിരച്ചിലില്‍ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ്ചെയ്തു.