തൊടുപുഴ: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് ലോ കോളജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതി പിടിയില്‍.ഫോര്‍ട്ട് കൊച്ചി പണയപ്പിള്ളി മുല്ലശേരില്‍ ഷാജഹാന്‍ (23) ആണ് പിടിയിലായത്. കഴുത്തില്‍ കത്തി വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു കടന്നു കളഞ്ഞ പ്രതിയെ തൃപ്പൂണിത്തുറയില്‍ നിന്നാണ് തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തത്. ഫോര്‍ട്ട് കൊച്ചി സ്വദേശിനിയായ പെണ്‍കുട്ടിയുമായി ഇയാള്‍ നേരത്തെ അഞ്ചു വര്‍ഷത്തോളം പ്രണയത്തിലായിരുന്നു. ഇരു വീട്ടുകാരും ചേര്‍ന്ന് വിവാഹവും ഉറപ്പിച്ചിരുന്നു.എന്നാല്‍ ഇയാള്‍ മറ്റൊരു പെണ്‍കുട്ടിയുമായി അടുപ്പത്തിലായതോടെ പെണ്‍കുട്ടി ബന്ധത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഇതിനിടെ തോപ്പുംപടിയില്‍ മറ്റൊരു വിവാഹത്തിന് കണ്ടു മുട്ടിയപ്പോള്‍ വീണ്ടും വിവാഹം കഴിക്കണമെന്ന ആവശ്യം ഷാജഹാന്‍ ഉന്നയിച്ചു. ഇതു നിരസിച്ചതോടെ പെണ്‍കുട്ടിയുടെ ഫോട്ടോകളും വീഡിയോയും തന്‍റെ കൈവശമുണ്ടെന്നും പുറത്തു വിടുമെന്നും ഭീഷണിപ്പെടുത്തി.
ബുധനാഴ്ച തൊടുപുഴ വെങ്ങല്ലൂരില്‍ എത്തിയ പ്രതി പെണ്‍കുട്ടിയോട് സംസാരിക്കണമെന്നും കോലാനി ബൈപാസില്‍ എത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടി വെങ്ങല്ലൂരിലെ താമസ സ്ഥലത്തു നിന്നും ഇയാള്‍ പറഞ്ഞ സ്ഥലത്തെത്തി. തുടര്‍ന്ന് പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്ത് തങ്ങണമെന്ന് ഇയാള്‍ നിര്‍ബന്ധം പിടിച്ചു. ഇതും നിരസിച്ചതോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കഴുത്തില്‍ കത്തി വച്ച് ഭീഷണിപ്പെടുത്തി. ഭയന്ന പെണ്‍കുട്ടി ഫോണില്‍ സുഹൃത്തുക്കളെ വിളിക്കാന്‍ ശ്രമിച്ചതോടെ ഇയാള്‍ ഫോണ്‍ പിടിച്ചു വാങ്ങി രക്ഷപെടുകയായിരുന്നു.