ബഹ്റൈനില്‍ താമസ സ്ഥലത്ത് വന്‍ തോതില്‍ വ്യാജ വാറ്റ് നടത്തി വന്നിരുന്ന പ്രവാസികള്‍ പിടിയില്‍.41 നും 46 നും ഇടയില്‍ പ്രായമുള്ള നാല് ഏഷ്യന്‍ പുരുഷന്മാരെയാണ് അനധികൃതമായി മദ്യം നിര്‍മ്മാണം നടത്തിയതിന് പിടികൂടിയതെന്ന് ബഹ്റൈന്‍ അധികൃതര്‍ വ്യക്തമാക്കി.ലഹരി വസ്തുക്കള്‍ കൈവശം വച്ചതിനും താമസ സ്ഥലത്ത് മദ്യം നിര്‍മ്മിച്ചതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്.
വ്യക്തികളുടെ അനധികൃത ലഹരി നിര്‍മ്മാണവും വില്‍പ്പനയും കണ്ടെത്തുന്നതിനുള്ള ബഹ്റൈന്‍ ദേശീയ അന്വേഷണ സമിതിയും ( എന്‍ സി സി ടി ഇ പി) ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷന്‍ ആന്‍ഡ് ഫോറന്‍സിക് എവിഡന്‍സും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് പ്രവാസികള്‍ പിടിയിലായത്. ഇവര്‍ വ്യാജ മദ്യ നിര്‍മ്മാണം നടത്തിവന്നിരുന്ന സ്ഥലും അവിടുത്തെ സാമഗ്രികളുമടക്കംകണ്ടെത്തിയിട്ടുണ്ട്. ഇതിനായി ഉപയോഗിച്ചുവന്ന ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ നിയമ നടപടികള്‍ ഇവര്‍ക്കെതിരെ ഉണ്ടാകും. ഇതിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. പിടിയിലായത് നാല് ഏഷ്യാക്കാരാണെന്ന വിവരം മാത്രമാണ് ഇതുവരെ പുറത്തുവന്നത്.