ഇടുക്കി: കുമളിയില്‍ മുള്ളന്‍പന്നിയെ നാടന്‍ തോക്ക് ഉപയോഗിച്ച് വേട്ടയാടി വാഹനത്തില്‍ കടത്താന്‍ ശ്രമം നടത്തിയ പ്രതി അറസ്റ്റില്‍.വണ്ടിപ്പെരിയാര്‍ വാളാര്‍ഡി തെങ്ങനാകുന്നില്‍ സോയി മാത്യുയാണ് വനം വകുപ്പിന്റെ പിടിയിലായത്. വണ്ടിപ്പെരിയാര്‍ പഞ്ചായത്തിലെ വാളാര്‍ഡി, മേപ്പറട്ട് ഭാഗത്ത് വന്യമൃഗങ്ങളെ വേട്ടയാടുന്നതായി വനം വകുപ്പിന് പരാതി കിട്ടിയിരുന്നു. ഇതോടെ മേഖലയില്‍ വനപാലകര്‍ നിരീക്ഷണം ശക്തമാക്കുകയായിരുന്നു. കഴിഞ്ഞദിവസം വാളാര്‍ഡി ഓടമേട് ഭാഗത്ത് നടത്തിയ പരിശോധനയ്ക്കിടെ ഈ മേഖലയില്‍ നിന്ന് വെടിയൊച്ച കേട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആണ് മുള്ളന്‍ പന്നിയും നാടന്‍ തോക്കുമായി മാത്യു വനപാലകരുടെ പിടിയിലാകുന്നത്. ഇരുചക്ര വാഹനത്തില്‍ രക്ഷപ്പെടാന്‍ ശ്രമം നടത്തിയ പ്രതിയെ തന്ത്രപരമായാണ് വനംവകുപ്പ് ജീവനക്കാര്‍ പിടികൂടിയത്.