കാട്ടാക്കട : ജോലിയില്‍ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ക്രീറ്റ് മിക്സിംഗ് യൂണിറ്റിന്‍റെ ടവറില്‍ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി.മൂന്ന് മണിക്കൂറിനുശേഷം മാറനല്ലൂര്‍ പോലീസ് സംഘം അനുനയിപ്പിച്ച് താഴെയിറക്കി.
വണ്ടന്നൂര്‍ തേവരക്കോട് പ്രവര്‍ത്തിക്കുന്ന കോണ്‍ക്രീറ്റ് മിക്സിംഗ് യൂണിറ്റില്‍ ബുധനാഴ്ച രാവിലെ ഒന്‍പതോടുകൂടിയാണ് സംഭവം നടന്നത്. ഈ സ്ഥാപനത്തില്‍ ഡ്രൈവറായി ജോലി നോക്കിയിരുന്ന തൂങ്ങാംപാറ ചെട്ടിക്കോണം തോപ്പുവിള വീട്ടില്‍ ലിജു (40) ആണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇയാളെ ദിവസങ്ങള്‍ക്ക് മുമ്പ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരുന്നു. തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഇയാള്‍ ടവറിന് മുകളില്‍ കയറി ആത്മഹത്യാ ശ്രമം നടത്തിയത്.ഈ സ്ഥാപനത്തില്‍ ആളുകളെ നിയമിക്കുന്നത് സ്വകാര്യ ഏജന്‍സികളാണെന്നാണ് സ്ഥാപനം പറയുന്നത്. കോണ്‍ക്രീറ്റ് മിക്സിംഗ് വാഹനത്തിന്‍റെ ഡ്രൈവറായി ജോലി നോക്കിയിരുന്ന ഇയാള്‍ ഒന്നര മാസം മുമ്പ് നേമത്തുവച്ച് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന്‍റെ പിന്നിലിടിച്ച് അപകടം ഉണ്ടാക്കിയിരുന്നു. വാഹനം നന്നാക്കിയെടുക്കുന്നതിനായി ഏകദേശം ഒന്നര ലക്ഷത്തോളം രൂപ ചെലവ് വന്നു. ഇതില്‍ ഇന്‍ഷ്വറന്‍സ് തുക പോയിട്ട് വരുന്ന 35,000 രൂപ ലിജോ നല്‍കണമെന്ന് ഏജന്‍സി നിര്‍ദേശിച്ചിരുന്നു. തുക നല്‍കാമെന്ന് ലിജോ നല്‍കാമെന്ന് എഴുതി നല്‍കുകയും ചെയ്തു. എന്നാല്‍ തുക നല്‍കാതെ വന്നതും സ്ഥിരമായി ജോലിക്ക് ഹാജരാകാത്തതും കാരണം ഡ്രൈവറെ ഒഴിവാക്കണെന്ന് ഏജന്‍സിയോട് സ്ഥാപനത്തിന്‍റെ മാനേജ്മെന്‍റ് നിര്‍ദേശിച്ചതിനെ തുടര്‍ന്നാണ് ഇയാളെ ജോലിയില്‍ നിന്ന് ഒഴിവാക്കിയതെന്ന് സ്ഥാപനത്തില്‍ കരാറെടുത്തയാള്‍ പോലീസിനോട് പറഞ്ഞു.
എന്നാല്‍ തന്നെ മനഃപുര്‍വ്വം പിരിച്ചു വിട്ടതാണെന്നും സ്ഥാപനത്തിന്‍റെ കീഴില്‍ നടക്കുന്ന കോണ്‍ക്രീറ്റ് മിക്സിംഗിന്‍റെ അപാകത ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് തന്നെ പിരിച്ചുവിട്ടതെന്നും ലിജു പറഞ്ഞു.