മട്ടാഞ്ചേരി : കടല്‍ വഴിയുള്ള ലഹരി കടത്തിനെതിരെ തീരദേശ പോലീസ് പരിശോധന ശക്തമാക്കി. നാവിക സേനയും തീരദേശ സേനയും എം ഡി എം എയും ആയുധ കടത്തുമടക്കമുള്ളവ പിടികൂടിയതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന.കടല്‍മാര്‍ഗം ലഹരി കടത്ത് വ്യാപകമാകുന്നുവെന്ന് ദേശീയ സുരക്ഷാ ഏജന്‍സികളുടെ മുന്നറിയിപ്പും പരിശോധന കര്‍ശനമാക്കാന്‍ ഇടയാക്കി.
കൊച്ചി തീരദേശവും അഴിമുഖവും കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ദിവസം പോലീസ് പരിശോധനകള്‍ നടത്തിയത്. പുറംകടലിലും വിദേശ കപ്പല്‍ സഞ്ചാര മേഖലയിലും മത്സ്യബന്ധനം നടത്തുന്ന യാനങ്ങളിലുമാണ് പ്രധാനമായും പരിശോധനകള്‍ നടന്നത്.
കടലില്‍ ഒരു മാസം വരെ തങ്ങാന്‍ കഴിയുന്ന, തീരത്ത് നിന്ന് 400 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ സഞ്ചരിച്ച് ശ്രീലങ്ക, പാക്കിസ്ഥാന്‍ അതിര്‍ത്തി ദിശകളില്‍ മത്സ്യബന്ധനം നടത്തുന്ന ഗില്‍നെറ്റ് ബോട്ടുകളില്‍ പ്രധാനമായും പരിശോധന നടന്നു. ട്രോള്‍ നെറ്റ് ബോട്ടുകള്‍, ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ എന്നിവയിലും തീരദേശ പോലീസ് പരിശോധന നടത്തി.ബോട്ടുകളുടെ ലൈസന്‍സ് രേഖകള്‍, സുരക്ഷാ സംവിധാനങ്ങള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും ബോട്ടിലെ അറകളിലും പരിശോധന നടത്തിയതായി പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.