ഇടുക്കി : അടിമാലിക്കു സമീപം മാങ്കുളം ആനക്കുളം വല്യപാറക്കുട്ടിയില്‍ നല്ലതണ്ണിയാറ്റില്‍ മൂന്നു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെന്‍ട്രല്‍ സ്കൂളിലെ ഒന്പതാംക്ലാസ് വിദ്യാര്‍ഥികളായ കാലടി മാണിക്യമംഗലം മടുക്കാങ്കല്‍ ഷിബുവിന്‍റെ മകന്‍ അര്‍ജുന്‍ ഷിബു(14), അയ്യന്പുഴ കോലാട്ടുകുടി ജോബിയുടെ മകന്‍ ജോയല്‍ ജോബി (14), തുറവൂര്‍ കൂരാന്‍ ബ്രെസി ചെറിയാന്‍റെ മകന്‍ റിച്ചാര്‍ഡ് ബ്രെസി (14) എന്നിവരാണു മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് അപകടമുണ്ടായത്. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ മൂന്ന് അധ്യാപകരും മുപ്പത് വിദ്യാര്‍ഥികളും ഉള്‍പ്പെടുന്ന സംഘമാണ് മാങ്കുളത്ത് എത്തിയത്.
സംഘമെത്തിയ ബസ് മാങ്കുളം ടൗണിനു സമീപം നിര്‍ത്തിയശേഷം ട്രക്കിങ്ങിന്‍റെഭാഗമായി മൂന്നു ജീപ്പുകളിലായായിരുന്നു ആനക്കുളം വല്യപാറക്കുട്ടിയില്‍ എത്തിയത്. ഇവിടെ നല്ലതണ്ണിയാറ്റില്‍ ഇറങ്ങിയ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് വിദ്യാര്‍ഥികള്‍ മുങ്ങിപ്പോയിരുന്നു. ഇതില്‍ രണ്ടു പേരെ ഉടന്‍തന്നെ ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍മാരും മറ്റും ചേര്‍ന്ന് രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. തുടര്‍ന്ന് മുങ്ങിപ്പോയ മറ്റു മൂന്നു പേരെക്കൂടി രക്ഷപ്പെടുത്തി അടിമാലി താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവരുടെ ജീവന്‍ രക്ഷിക്കാനായില്ല.