വിഴിഞ്ഞം: രാജ്യാന്തര തുറമുഖ നിര്‍മ്മാണ സ്ഥലത്തെ പുലിമുട്ടിന് സമീപം കുറ്റിക്കാടിന് തീപിടിച്ച് വള്ളങ്ങള്‍ കത്തിനശിച്ചു.ഉപയോഗ ശൂന്യമായതും അറ്റകുറ്റപ്പണിക്കായി കയറ്റിവച്ചിരുന്നതുമായ 25ഓളം വള്ളങ്ങളാണ് നശിച്ചതെന്ന് വിഴിഞ്ഞം ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു. കരയില്‍ കയറ്റി വച്ചിരുന്ന കട്ടമരങ്ങള്‍ ഉള്‍പ്പെടെ കത്തിനശിച്ചവയില്‍ ഉള്‍പ്പെടുന്നു.എത്ര രൂപയുടെ നഷ്ടമുണ്ടെന്ന് കണക്കാക്കിയിട്ടില്ല. ഇന്നലെ ഉച്ചയ്‌ക്ക് 2.30ഓടെ വിഴിഞ്ഞം വലിയ കടപ്പുറത്താണ് സംഭവം. തീ കണ്ട ഉടന്‍ തുറമുഖ സ്ഥലത്തുണ്ടായിരുന്ന ജീവനക്കാരെത്തി കെടുത്താന്‍ ശ്രമം തുടങ്ങി. വിഴിഞ്ഞത്തു നിന്ന് ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റെത്തി രണ്ടരമണിക്കൂര്‍ പരിശ്രമിച്ചാണ് തീയണച്ചത്. അദാനി പോര്‍ട്സിന്റെ രണ്ട് ടാങ്ക് വെള്ളം പമ്പ് ഉപയോഗിച്ച് ഫയര്‍ യൂണിറ്റില്‍ നിറച്ചതിനാല്‍ വേഗത്തില്‍ തീകെടുത്താനും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഒഴിവാക്കാനും കഴിഞ്ഞെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ പറഞ്ഞു.