തിരുവനന്തപുരം: കേരളത്തിൽ ചൂട് ഇനിയും കഠിനമാകുമെന്ന് അറിയിപ്പ്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലുമാകും വരുംദിനങ്ങളിൽ കഠിനമാകുക. തലസ്ഥാനമടക്കം മൂന്ന് ജില്ലകളിൽ സൂര്യാതപ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. തിരുവനന്തപുരത്തിന് പുറമെ കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് സൂര്യാതപ മുന്നറിയിപ്പ്.
അതേസമയം സംസ്ഥാനത്ത് ചൂട് കൂടുന്നതനുസരിച്ച് നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കരുതൽ വേണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കടകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ നല്ല വെള്ളവും ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്നും ഉറപ്പ് വരുത്തണം. പ്രായമായവർ, ചെറിയ കുട്ടികൾ, ഗർഭിണികൾ, ഗുരുതര രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം എന്നും അറിയിപ്പിൽ പറയുന്നു.