ബെംഗളുരു: ബെംഗളുരുവില്‍ എയര്‍ ഹോസ്റ്റസായ യുവതി ഫ്ലാറ്റിന്‍റെ നാലാം നിലയില്‍ നിന്ന് വീണ് മരിച്ച കേസില്‍ മലയാളിയായ ആണ്‍സുഹൃത്ത് അറസ്റ്റില്‍. ഹിമാചല്‍ പ്രദേശിലെ ഭവന്‍ സ്വദേശിയും സിംഗപ്പൂര്‍ എയര്‍ലൈന്‍സിലെ ക്യാബിന്‍ ക്രൂ അംഗവുമായ അര്‍ച്ചന ധീമാന്‍ ആണ് മരിച്ചത്. ആദേശ് അര്‍ച്ചനയെ തള്ളിയിട്ട് കൊന്നതാണെന്ന് അര്‍ച്ചനയുടെ കുടുംബം ആരോപിച്ചു.
ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് സംഭവം. ശനിയാഴ്ച രാവിലെ ഡ്യൂട്ടി കഴിഞ്ഞ് ബെംഗളുരുവിലെ കോറമംഗള മല്ലപ്പ റെഡ്ഡി ലേ ഔട്ടിലുള്ള അപ്പാര്‍ട്ട്മെന്‍റില്‍ ആണ്‍സുഹൃത്തായ ആദേശിനെ കാണാനെത്തിയതായിരുന്നു അര്‍ച്ചന. ഒരു ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഇവര്‍ കഴിഞ്ഞ എട്ട് മാസമായി പ്രണയത്തിലായിരുന്നു. ശനിയാഴ്ച വൈകിട്ടോടെ ബെംഗളുരു ഫോറം മാളില്‍ സിനിമയ്ക്ക് ഇരുവരും ഒപ്പം പോയി, തിരികെ വരുമ്ബോള്‍ ഒരു പാര്‍ട്ടിയിലും പങ്കെടുത്തു.
അര്‍ദ്ധരാത്രി വീട്ടില്‍ തിരിച്ചെത്തിയ ശേഷം അര്‍ച്ചനയും ആദേശും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ബാല്‍ക്കണിയിലേക്ക് പോയ അര്‍ച്ചന കാല്‍ തെറ്റി താഴേയ്ക്ക് വീണു എന്നാണ് ആദേശ് പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. അര്‍ച്ചനയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടര്‍ന്ന് ആദേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.എന്നാല്‍ ആദേശും അര്‍ച്ചനയും തമ്മില്‍ തര്‍ക്കങ്ങളുണ്ടായിരുന്നെന്നും, ആദേശ് അര്‍ച്ചനയെ മുകളില്‍ നിന്ന് തള്ളിയിട്ട് കൊന്നതാണെന്നുമാണ് ബെംഗളുരുവിലെത്തിയ അര്‍ച്ചനയുടെ കുടുംബം ആരോപിക്കുന്നത്. ഇതേത്തുടര്‍ന്ന് ആദേശിനെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. എന്താണ് സംഭവിച്ചതെന്നതില്‍ വിശദമായ അന്വേഷണമുണ്ടാകുമെന്ന് കോറമംഗള പൊലീസ് അറിയിച്ചു.