മുംബൈ: മുംബൈയില്‍ മകള്‍ അമ്മയെ വെട്ടിക്കൊന്ന് അലമാരയില്‍ സൂക്ഷിച്ച സംഭവത്തില്‍ ദുരൂഹത തീരുന്നില്ല.24 കാരിയായ മകളെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്തെന്ന് ഇതുവരെ കണ്ടെത്താനായില്ല. മൃതദേഹത്തില്‍ നിന്നുള്ള ദുര്‍ഗന്ധം മറയ്ക്കാനായി 200 ബോട്ടില്‍ പെര്‍ഫ്യൂം വാങ്ങി ഒഴിച്ചതായി പ്രതി റിംപിള്‍ ജെയിന്‍ പൊലീസിന് മൊഴി നല്‍കി.
രാജ്യത്തെ തന്നെ നടുക്കിയ കൊലപാതകം. ദാദറിനടുത്ത് ലാല്‍ ബാഗിലാണ് കാലും കൈയും വെട്ടിമാറ്റിയ ശേഷം അമ്മയുടെ മൃതദേഹം മകള്‍ റിംപിള്‍ ജെയ്ന്‍ അലമാരയില്‍ സൂക്ഷിച്ചത്. ഇരുവരും മാത്രമായിരുന്നു ഒറ്റമുറി ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. കഴിഞ്ഞ 2 മാസമായി ബന്ധുക്കള്‍ അന്വേഷിക്കുമ്ബോഴൊക്കെ അമ്മ കാണ്‍പൂരില്‍ പോയെന്നാണ് റിംപിള്‍ പറഞ്ഞ് കൊണ്ടിരുന്നത്.വരുമാനമൊന്നുമില്ലാത്തതാല്‍ അമ്മ വീണയുടെ സഹോദരന്‍ മാസം നല്‍കുന്ന പണം ഉപയോഗിച്ചാണ് ഇരുവരും കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം പണം നല്‍കാനായി എത്തിയ അമ്മാവന്‍റെ മകനാണ് ദുരൂഹതതോന്നി ബന്ധുക്കളെ വിളിച്ച് വരുത്തിയതും പൊലീസില്‍ വിവരം അറിയിച്ചതും. പണം നല്‍കാനെത്തിയ ബന്ധുവിനെ അകത്ത് കയറാന്‍ അനുവദിക്കാതിരുന്നതാണ് സംശയം തോന്നാനിടയാക്കിയത്.പൊലീസ് നടത്തിയ പരിശോധനയില്‍ അലമാരയില്‍ അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തി. ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അടുത്ത് താമസിക്കുന്നവര്‍ നേരത്തെ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് വലിയ തോതില്‍ പെര്‍ഫ്യൂം വാങ്ങിമൃതദേഹത്തിന് മുകളില്‍ ഒഴിച്ചെന്ന് റിംപിള്‍ മൊഴി നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ഡിസംബര്‍ 27ന് ഫ്ലാറ്റ് സമുച്ചയത്തിലെ ഒന്നാം നിലയില്‍ നിന്ന് വീണ് 55കാരിയായ വീണയ്ക്ക് പരിക്കേറ്റിരുന്നു. അന്ന് തൊട്ടടുത്ത റസ്റ്റോറന്‍റിലെ ജീവനക്കാരാണ് റോഡില്‍ വീണ് കിടന്ന വീണയെ വീട്ടിലാക്കിയത്.എന്നാല്‍ ഡോക്ടറുടെ അടുത്ത്കൊണ്ട് പോവാന്‍ മകള്‍ അനുവദിച്ചില്ലെന്ന് ജീവനക്കാര്‍ പൊലീസിന് മൊഴി നല്‍കി. തുടര്‍ന്നുള്ള ഏതെങ്കിലും ഒരു ദിവസം കൊലപാതകം നടന്നിരിക്കാം എന്നാണ് പൊലീസ് നിഗമനം. പുറത്ത് നിന്ന് ആരുടെയെങ്കിലും സഹായം കിട്ടിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.