കുമളി: മുന്‍വൈരാഗ്യത്തിന്റെ പേരില്‍ മദ്യലഹരിയില്‍ സുഹൃത്തുമായി ചേര്‍ന്ന് ബന്ധുവായ യുവാവിനെ കുത്തിക്കൊലപ്പെടുത്തി.കുമളി റോസാപ്പൂക്കണ്ടം സ്വദേശി ലുക് മാന്‍ അലി (40 )യാണ് കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് കമ്പം സ്വദേശി അബ്ദുല്‍ ഖാദര്‍ (23), റോസാപ്പൂക്കണ്ടം സുമതി ഭവനില്‍ അജിത് (22) എന്നിവരെ അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി പതിനൊന്നരയോടെ ബന്ധുക്കളായ ലുക്മാന്‍ അലിയും അബ്ദുല്‍ ഖാദറും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി.
ലുക്മാന്‍ അബ്ദുല്‍ ഖാദറിനെ മര്‍ദ്ദിച്ചു. തുടര്‍ന്ന് ലുക്മാനെ തിരിച്ചു തല്ലാന്‍ അബ്ദുല്‍ ഖാദറും സുഹൃത്തായ അജിത്തും തീരുമാനിച്ചു. രാത്രി കുമളിയിലെ ബാറില്‍ ഇരുന്ന് മദ്യപിച്ച ശേഷം ബാറിന്റെ മുന്‍പില്‍ ഇവര്‍ കാത്തു നിന്നു. മദ്യപിച്ച് പുറത്തേക്ക് വന്ന ലുക്മാനെ ഇരുവരും ചേര്‍ന്ന് അടിച്ച് വീഴ്ത്തിയശേഷം വയറിനും കാലിനും കുത്തി പരുക്കേല്‍പ്പിച്ചു. റോഡരുകില്‍ഉപേക്ഷിച്ച ശേഷം അബ്ദുല്‍ ഖാദറും അജിത്തും കേരളാഅതിര്‍ത്തി കടന്ന് കമ്പത്തേക്ക് പോയി. വഴിയരുകില്‍ ഒരു യുവാവ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന വിവരം ഒരു വഴിയാത്രക്കാരന്‍ പൊലീസില്‍ അറിയിച്ചു. പൊലീസ് എത്തി പരിശോധിച്ചപ്പോള്‍ ഇയാള്‍ മരിച്ചതായി വ്യക്തമായി. ഉടന്‍ തന്നെ അതിര്‍ത്തിയിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയുണ്ടായി. തുടര്‍ന്ന് കമ്പത്തേക്ക് പോയ പ്രതികളെ പിന്‍തുടര്‍ന്ന പൊലീസ് രാത്രി തന്നെ പ്രതികളെ കസ്റ്റഡിയിലെടുത്തു.