തിരുവനന്തപുരം: ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്ന് വനിതകളെ സംരക്ഷിക്കുന്ന നിയമം കടലാസില്‍ ഒതുങ്ങാതെ കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പിക്കുന്ന രീതിയിലേക്ക് പൊതുബോധം മാറേണ്ടതുണ്ടെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി വനിതാ സംരക്ഷണ ഓഫീസര്‍മാര്‍ക്കും സേവനദാതാക്കള്‍ക്കുമായുള്ള ഏകദിന സെമിനാര്‍ ‘ഗാര്‍ഹിക അതിക്രമങ്ങളില്‍ നിന്ന് വനിതകളെ സംരക്ഷിക്കുന്നതിനുള്ള നിയമം-2005: സാധ്യതകളും പരിമിതികളും’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍. കമ്മീഷന് ലഭിക്കുന്ന പരാതികളില്‍ ഏറെയും ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ടതാണ്. നമുക്ക് ഒരിക്കലും നിയമങ്ങളുടെ അപര്യാപ്തയില്ല. കൂടുതല്‍ കര്‍ക്കശമായ നിയമം മാത്രം ഉണ്ടാക്കിയിട്ട് കാര്യമില്ല. അത് നടപ്പാക്കണം എന്ന് ഉറപ്പുവരുത്തുന്ന നിലയിലേക്ക് പൊതുബോധം മാറേണ്ടതുണ്ട്. സഹജീവികളായസ്ത്രീകളെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ള നിയമം അതിന്റെ കൃത്യതയില്‍ നടപ്പാക്കുന്നു എന്ന് സമൂഹം ഉറപ്പുവരുത്തേണ്ടതുണ്ട്, കമ്മീഷന്‍ അധ്യക്ഷ ചൂണ്ടിക്കാട്ടി.നവകേരളം സ്ത്രീപക്ഷം ആയിരിക്കണം. ജോലി സ്ഥലത്തെ അതിക്രമങ്ങളില്‍ നിന്ന് സ്ത്രീകളെ സംരക്ഷിക്കുന്ന പോഷ് ആക്‌ട് നിലവില്‍ വന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതിക്രമങ്ങള്‍ക്ക് പരിഹാരം ഉണ്ടായില്ല. അതിനാലാണ് വിമന്‍ ഇന്‍ സിനിമ കളക്ടീവിന് (ഡബ്ല്യു.സി.സി) വനിതാ കമ്മീഷനെ സമീപിക്കേണ്ടി വന്നത്. ഈ വിഷയത്തില്‍ കമ്മീഷന്‍ നല്ല രീതിയില്‍ കോടതിയില്‍ കക്ഷിചേരുകയും സിനിമ ഉള്‍പ്പെടെ എല്ലാ മേഖലകളിലും ഇന്റേണല്‍ കംപ്ലേന്റ്‌സ് കമ്മിറ്റിരൂപീകരിക്കാന്‍ കോടതി ഉത്തരവിടുകയും ചെയ്തു.