കൊട്ടാരക്കര: കഞ്ചാവുമായി കുപ്രസിദ്ധ കുറ്റവാളികളായ മൂന്നു യുവാക്കള്‍ അറസ്റ്റില്‍.
വിളക്കുടി ആവണീശ്വരം ചക്കുപാറ പ്ലാംകീഴില്‍ ചരുവിള വീട്ടില്‍ വിഷ്ണു (ചക്കുപാറ വിഷ്ണു – 27), കൊട്ടാരക്കര വല്ലം ശ്രീകൃഷ്ണ മന്ദിരത്തില്‍ അരുണ്‍ അജിത്ത് (25) ആവണീശ്വരം തച്ചക്കുപ്പാറ കോളനിയില്‍ പുത്തന്‍വീട്ടില്‍ ഗോകുല്‍ (18) എന്നിവരാണ് അറസ്റ്റിലായത്.റൂറല്‍ പൊലീസ് ആണ് അറസ്റ്റു ചെയ്തത്.കൊല്ലം റൂറല്‍ ജില്ലയിലെ യോദ്ധാവ് ആന്‍റി ഡ്രഗ് കാമ്ബയിന്‍റെ ഭാഗമായി റൂറല്‍ ജില്ലാ അഡിഷണല്‍ എസ്പി ജെ സന്തോഷ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന്, കൊട്ടാരക്കര പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് 750 ഗ്രാം കഞ്ചാവുമായി ഇവര്‍ പിടിയിലായത്. ചക്കുപാറ വിഷ്ണു കാപ്പ നിയമപ്രകാരം ആറുമാസത്തോളം ജയില്‍ ശിക്ഷ ലഭിച്ചു പുറത്തിറങ്ങിയത് മൂന്നു മാസം മുന്‍പാണ്. ഇയാള്‍ കുന്നിക്കോട്, കൊട്ടാരക്കര, പുനലൂര്‍, കോട്ടയം ജില്ലയിലെ പാല പൊലീസ് സ്റ്റേഷനുകളില്‍ കൊലപാതകം, നരഹത്യാശ്രമം, കൂട്ടക്കവര്‍ച്ച, കള്ളനോട്ട്, അടിപിടി കേസുകളില്‍ പ്രതിയാണ്.അരുണ്‍ അജിത്ത് പുത്തൂര്‍, കൊട്ടാരക്കര, ആലുവ പൊലീസ് സ്റ്റേഷനുകളില്‍ മോഷണം, കഞ്ചാവ്, കവര്‍ച്ച കേസുകളില്‍ പ്രതിയായിട്ടുള്ള ആളുമാണ്. ഇവര്‍ കൊല്ലം റൂറല്‍ ജില്ലയില്‍ കഞ്ചാവ് മയക്കുമരുന്ന് വിപണത്തിന്‍റെ പ്രധാനികളാണ്.ഇവരെ പിടികൂടുന്നതിനായി കൊട്ടാരക്കര ഡിവൈഎസ്പി ജി ഡി വിജയകുമാര്‍, കൊല്ലം റൂറല്‍ ജില്ലാ സി ബ്രാഞ്ച് ഡിവൈഎസ്പി എം. എം ജോസ് എന്നിവരുടെ മേല്‍നോട്ടത്തില്‍ കൊട്ടാരക്കര പോലീസ് സ്റ്റേഷനില്‍ പ്രത്യേക സംഘം രൂപീകരിച്ചു അന്വേഷണം നടത്തി വരികയായിരുന്നു. ഇവര്‍ കഞ്ചാവുമായി വരുന്ന വിവരം ലഭിച്ചുവാഹന പരിശോധനയ്ക്കിടെ ഇവരെ തടഞ്ഞപ്പോള്‍ പൊലീസിനെ വെട്ടിച്ചു കടന്നുകളയാന്‍ ശ്രമം നടത്തി.തുടര്‍ന്ന്, കൊട്ടാരക്കര എസ്‌എച്ച്‌ഒ പ്രശാന്ത് വി. എസിന്‍റെ നേതൃത്ത്വത്തിലുള്ള പൊലീസ് സംഘം ബലം പ്രയോഗിച്ച് ഇവരെ കീഴ്പ്പെടുത്തുകയായിരുന്നു.