തിരുവനന്തപുരം: ശ്രീരാമദാസ മിഷന്‍ യൂണിവേഴ്സല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രീരാമനവമി മഹോത്സവത്തിന്റെ ഭാഗമായി കൊല്ലൂര്‍ ശ്രീമൂകാംബികാ ദേവീക്ഷേത്ര സന്നിധിയില്‍ നിന്നും ബ്രഹ്മശ്രീ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ ഭദ്രദീപ പ്രതിഷ്ഠ നടത്തി പ്രയാണം ആരംഭിച്ച ശ്രീരാമനവമി രഥയാത്ര മാര്‍ച്ച് 27ന് കന്യാകുമാരി ദേവീദര്‍ശനത്തിനും സാഗരപൂജയ്ക്കും ശേഷം കളിയിക്കാവിള വഴി തിരുവനന്തപുരം ജില്ലയില്‍ പ്രവേശിക്കും. അനന്തപുരിയിലെ വിവിധ ക്ഷേത്രങ്ങളില്‍ ശ്രീരാമരഥത്തിന് ഭക്തിനിര്‍ഭരമായ സ്വീകരണം ഒരുക്കും. രഥയാത്ര നഗരത്തിലെ ശ്രീരാമായണ കാണ്ഡപരിക്രമണത്തിന്റെ ഭാഗമായി തിരുമല മാധവസ്വാമി ആശ്രമം, പൂജപ്പുര സരസ്വതി മണ്ഡപം, പാച്ചല്ലൂര്‍ നാഗമല ശാസ്താ ക്ഷേത്രം, ആറ്റുകാല്‍ ഭഗവതിക്ഷേത്രം, ശ്രീപത്മനാഭസ്വാമി ക്ഷേത്രം, ആനയറ സ്വരൂപാനന്ദാശ്രമം, നന്ദന്‍കോട് ശ്രീമഹാദേവക്ഷേത്രം, ശ്രീകാര്യം ഇളംകുളം ശ്രീമഹാദേവക്ഷേത്രം എന്നിവിടങ്ങളിലും പര്യടനം നടത്തും.
മാര്‍ച്ച് 28ന് രാവിലെ ഇളംകുളം ശ്രീമഹാദേവക്ഷേത്രത്തില്‍ നിന്നാരംഭിച്ച് കാര്യവട്ടം ശ്രീധര്‍മ്മശാസ്താക്ഷേത്രം, പള്ളിപ്പുറം തോന്നല്‍ ദേവീക്ഷേത്രം, അയിരൂര്‍പ്പാറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, അലിയാവൂര്‍ എള്ളുവിള ദേവീക്ഷേത്രം, ഇടത്തറ ശ്രീഭദ്രകാളീക്ഷേത്രം എന്നിവിടങ്ങളിലെ പരിക്രമണത്തിനു ശേഷം വൈകുന്നേരം ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തില്‍ എത്തിച്ചേരും.