കൊല്ലം: കടയ്ക്കലില്‍ ഓട്ടോ ഡ്രൈവറുടെ കൈ തല്ലി ഒടിക്കുകയും പെണ്‍കുട്ടിയെ മര്‍ദ്ദിക്കുകയും ചെയ്ത കേസില്‍ യുവതി അറസ്റ്റില്‍.പാങ്ങലുകാട്ടില്‍ സ്വദേശി അന്‍സിയ ബീവിയെയാണ് കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പാങ്ങലുകാട്ടില്‍ ലേഡീസ് സ്റ്റോര്‍ നടത്തി വരികയായിരുന്ന അന്‍സിയ നിരന്തരം അക്രമങ്ങള്‍ നടത്തിയതോടെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. തന്റെ കടയുടെ മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തിയാല്‍ യുവതി വഴക്കുണ്ടാക്കുക പതിവായിരുന്നു.ഒരാഴ്ച്ചയ്ക്ക് മുന്‍പ് പട്ടികജാതി വിഭാഗത്തില്‍ പെണ്‍കുട്ടിയെ നടുറോഡിലിട്ട് അന്‍സിയ മര്‍ദ്ദിച്ചിരുന്നു. അക്രമ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയെന്നാരോപിച്ച് ഓട്ടോ ഡ്രൈവറുടെ കൈ യുവതി കമ്ബി വടി ഉപയോഗിച്ച് തല്ലിയൊടിച്ചു. പട്ടിക ജാതി പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരം അന്‍സിയക്കെതിരെ നേരത്തെ തന്നെ കൊട്ടാരക്കര ഡിവൈഎസ്പി കേസെടുത്തിരുന്നു. പിന്നാലെ യുവതി കൈ തല്ലിയൊടിച്ച ഓട്ടോ ഡ്രൈവറായ വിജിത്തും പരാതി നല്‍കി. തുടര്‍ന്നാണ് ഇന്നലെ രാവിലെ കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലെത്തിയ സംഘം അന്‍സിയയെ അറസ്റ്റ് ചെയ്തത്.