മുണ്ടക്കയം: മുണ്ടക്കയം കപ്പിലാംമൂട്ടില്‍ മിന്നലേറ്റ് രണ്ടു പേര്‍ മരിച്ചു. കപ്പിലാംമൂട് സ്വദേശി തടത്തില്‍ സുനില്‍ (49) ഇദ്ദേഹത്തിന്‍റെ സഹോദരീ ഭര്‍ത്താവ് നിലയ്ക്കല്‍ അട്ടത്തോട് നെടുംപറമ്പില്‍ രമേശ് (ഷിബു, 43) എന്നിവരാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം അഞ്ചോടെയായിരുന്നു സംഭവം.
കപ്പിലാംമൂട്ടില്‍ കുടുംബ സ്വത്ത് അളന്ന് തിരിക്കുന്നതിനിടയില്‍ ഇടിമിന്നല്‍ ഏല്‍ക്കുകയായിരുന്നു. സ്ഥലം അളന്നു തിരിക്കാന്‍ ഇരുമ്പ് ആയുധങ്ങള്‍ കൈയില്‍ കരുതിയിരുന്നതിനാല്‍ മിന്നലിന്‍റെ ആഘാതം വര്‍ധിച്ചതായി പറയപ്പെടുന്നു. ഉടന്‍തന്നെ സുനിലിനെ മുണ്ടക്കയം ഗവണ്‍മെന്‍റ് ആശുപത്രിയിലും രമേശിനെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്ഥലം അളക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെയാണ് രമേശന്‍ കപ്പിലാംമൂട്ടില്‍ എത്തിയത്.