തൃശൂരില്‍നിന്നുള്ള വേളാങ്കണ്ണി തീര്‍ഥാടകരുടെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

തൃശൂര്‍ : തൃശൂരില്‍നിന്നുള്ള വേളാങ്കണ്ണി തീര്‍ഥാടകരുടെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു. 27 പേര്‍ക്കു പരിക്കേറ്റു.നെല്ലിക്കുന്ന് കുറ സ്വരാജ് നഗറില്‍ പുളിക്കന്‍ വീട്ടില്‍ വര്‍ഗീസിന്‍റെ ഭാര്യ ലില്ലി (63), വരന്തരപ്പിള്ളി പള്ളിക്കുന്ന് താക്കോല്‍ക്കാരന്‍ ജിമ്മിയുടെ മകന്‍ ജെറാള്‍ഡ് (ഒന്പത്) എന്നിവരാണു മരിച്ചത്. ബസിനടിയില്‍പ്പെട്ട ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. തഞ്ചാവൂര്‍ മന്നാര്‍ഗുഡി റോഡില്‍ ഓരത്തുനാട് ഒക്കനാട് കീഴയൂരിലെ വളവില്‍ ഇന്നലെ പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം. കുട്ടികളടക്കം 51 യാത്രികരുമായി ശനിയാഴ്ച രാത്രി ഏഴിന് ഒല്ലൂരില്‍നിന്നു പുറപ്പെട്ട ബസ്, ബാരിക്കേഡ് തകര്‍ത്ത് കനാലിലേക്കു മറിയുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണു വിവരം.മോര്‍ണിംഗ് സ്റ്റാര്‍ ടൂര്‍ ഓപ്പറേറ്റേഴ്സിന്‍റെ ബസാണ് അപകടത്തില്‍പ്പെട്ടത്. സംഭവമറിഞ്ഞു തഞ്ചാവൂര്‍ ജില്ലാ പോലീസും മറ്റു സ്റ്റേഷനില്‍നിന്നുള്ളവരുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. പരിക്കേറ്റ 18 പേരെ തഞ്ചാവൂര്‍ മെഡിക്കല്‍ കോളജിലും ഏഴുപേരെ തഞ്ചാവൂര്‍ മീനാക്ഷി ആശുപത്രിയിലും രണ്ടുപേരെ ട്രിച്ചി ആശുപത്രിയിലും പ്രവേശിപ്പിച്ചു. നിസാര പരിക്കേറ്റവര്‍ക്കു മന്നാര്‍ഗുഡിയില്‍ പ്രാഥമിക ചികിത്സ നല്‍കി. സംഭവത്തെത്തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു.

You May Also Like

About the Author: Jaya Kesari

Leave a Reply

Your email address will not be published. Required fields are marked *

19 − 17 =