പഫര്‍ ഫിഷിനെ പാകം ചെയ്ത് കഴിച്ച വയോധിക മരിച്ചു. 84കാരനായ ഭര്‍ത്താവ് അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.മലേഷ്യയില്‍ കഴിഞ്ഞാഴ്ചയായിരുന്നു സംഭവം. മാര്‍ച്ച് 25ന് ഒരു പ്രാദേശിക ഫിഷ് സ്റ്റാളില്‍ നിന്നാണ് വൃദ്ധന്‍ പഫര്‍ ഫിഷിനെ വാങ്ങിയതെന്ന് പറയപ്പെടുന്നു.
വര്‍ഷങ്ങളായി ഇയാള്‍ ഇതേ ഫിഷ് സ്റ്റാളില്‍ നിന്ന് സ്ഥിരമായി മത്സ്യങ്ങളെ വാങ്ങാറുണ്ടായിരുന്നു. വീട്ടിലെത്തിച്ച ശേഷം മത്സ്യത്തെ വൃദ്ധനും ഭാര്യയും ചേര്‍ന്ന് പാകം ചെയ്ത് ഉച്ചഭക്ഷണത്തോടൊപ്പം കഴിച്ചു. എന്നാല്‍ അധികം വൈകാതെ വൃദ്ധയ്ക്ക് ശ്വാസതടസം നേരിട്ടു. ശരീരം വിറയ്ക്കാനും തുടങ്ങി. ഒരു മണിക്കൂറിന് ശേഷം ഭര്‍ത്താവും ഇതേ ലക്ഷണങ്ങള്‍ പ്രകടമാക്കി.ഉടന്‍ തന്നെ ഇരുവരെയും മകന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൃദ്ധ മരണത്തിന് കീഴടങ്ങി. പഫര്‍ഫിഷിലടങ്ങിയ അതിമാരക വിഷമാണ് മരണത്തിലേക്ക് നയിച്ചത്. വിഷം ഉള്ളിലെത്തിയതോടെ ശ്വാസകോശത്തിന്റെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം തകരാറിലായെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.