കൊച്ചി : സമൂഹമാധ്യമങ്ങളില്‍ ഗ്രൂപ്പുകള്‍ ഉണ്ടാക്കി പ്രത്യേക കോഡ് ഉപയോഗിച്ച് നഗരത്തില്‍ ലഹരി വില്പന നടത്തിവന്നിരുന്ന നാലു യുവാക്കള്‍ അറസ്റ്റില്‍.മട്ടാഞ്ചേരി സ്വദേശികളായ മുഹമ്മദ് ഇര്‍ഫാന്‍ (21), ആഷിദ് അഫ്‌സല്‍ (22), ഇടുക്കി കട്ടപ്പന സ്വദേശി തോമസ് സാബു (തോമാ- 25), ഇടുക്കി കാഞ്ചിയാര്‍ സ്വദേശി അജേഷ്(23) എന്നിവരെയാണ് എറണാകുളം എന്‍ഫോഴ്‌സ്‌മെന്‍റ് അസിസ്റ്റന്‍റ് കമ്മീഷണറുടെ സ്‌പെഷല്‍ ആക്ഷന്‍ ടീം പിടികൂടിയത്. ഇവരില്‍ നിന്ന് ആറ് ഗ്രാം എംഡിഎംഎ, മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന ഒരു ആഡംബര കാര്‍, ന്യൂജനറേഷന്‍ ബൈക്ക്, അഞ്ച് സ്മാര്‍ട്ട് ഫോണ്‍ എന്നിവ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് കേസില്‍ പിടിക്കപ്പെട്ട് ഏഴു മാസത്തോളം റിമാന്‍ഡില്‍ കഴിയുകയായിരുന്ന മുഹമ്മദ് ഇര്‍ഫാന്‍ അടുത്തയിടെ ജാമ്യത്തില്‍ ഇറങ്ങിയശേഷം വീണ്ടും മയക്കുമരുന്ന് ഇടപാട് നടത്തുന്നതിനിടെയാണ്പിടിയിലായത്.പനമ്പള്ളിനഗര്‍ ഭാഗത്തുവച്ച് മയക്കുമരുന്ന് കൈമാറാനെത്തിയ മുഹമ്മദ് ഇര്‍ഫാന്‍, തോമസ് സാബു, അജേഷ് എന്നിവരെ രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പിടികൂടിയത്. തുടര്‍ന്ന് ഇവരുടെ പങ്കാളിയായ ആഷിദ് അഫ്‌സലിനെ കലൂര്‍ സ്റ്റേഡിയം ഭാഗത്തുനിന്നും അറസ്റ്റ് ചെയ്തു. എക്‌സൈസ് പിടിയിലാകുമ്പോള്‍ ഇവര്‍ ലഹരിയില്‍ ആയിരുന്നു.