ഗുവാഹത്തി: സിക്കിമിലെ നാഥുലാ പര്‍വത ചുരത്തിലുണ്ടായ വന്‍ ഹിമപാതത്തില്‍ ഏഴ് പേര്‍ മരിച്ചു. 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ ഉച്ചയ്ക്ക് 12.15നാണ് സംഭവം. അപകട സമയം 150ലേറെ വിനോദ സഞ്ചാരികള്‍ പ്രദേശത്തുണ്ടായിരുന്നെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ആരൊക്കെയാണെന്ന് വ്യക്തമായിട്ടില്ല. നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായി ആശങ്കയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇവര്‍ക്കായി സിക്കിം പൊലീസിന്റെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു. തലസ്ഥാനമായ ഗ്യാംഗ്ടോക്കില്‍ നിന്ന് നാഥുലയിലേക്കുള്ള വഴിയില്‍ ജവഹര്‍ ലാല്‍ റോഡിലെ പതിനാലാം മൈലിലാണ് അപകടമുണ്ടായത്.അഞ്ചോ അതിലധികമോ വാഹനങ്ങളും 30നടുത്ത് സഞ്ചാരികളും കുടുങ്ങിക്കിടക്കുന്നതായാണ് അനുമാനമെന്ന് സൈന്യം പറഞ്ഞു.സമുദ്ര നിരപ്പില്‍ നിന്ന് 4,310 മീറ്റര്‍ (14,140 അടി) ഉയരത്തിലുള്ള ഈ സ്ഥലം ചൈന അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്.