മലപ്പുറം: ഓണ്‍ലൈനായി പണമടച്ചെന്ന് കാട്ടി ജ്വല്ലറി ഉടമയെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്ത യുവാവ് പിടിയില്‍. അരീക്കോട് കുഴിമണ്ണ സ്വദേശി പാലക്ക പറമ്പില്‍ വീട്ടില്‍ ശബീറലി (30)യെ ആണ് തിരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തത്.പതിനൊന്നര പവന്‍ സ്വര്‍ണമാണ് ഇയാള്‍ ഉടമയെ കബളിപ്പിച്ച് തട്ടിയെടുത്തത്. ചെമ്മാട് പരപ്പനങ്ങാടി റോഡിലെ ഒരു ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം വാങ്ങിയ ശേഷം എന്‍ ഇ എഫ് ടി വഴി പണം അടച്ചതായി കാണിച്ച് ഇയാള്‍ സ്വര്‍ണം കൊണ്ടു പോവുകയായിരുന്നു.എന്നാല്‍ പിന്നീടുള്ള പരിശോധനയില്‍ പണം എത്തിയിട്ടില്ല എന്ന് മനസ്സിലായി. ജ്വല്ലറി ഉടമ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.സി സി ടി വിയില്‍ കാറിന്റെ നമ്പര്‍ കണ്ടെത്തുകയും തുടര്‍ന്ന് പൊലീസ്അന്വേഷണത്തില്‍ കോഴിക്കോട് വെച്ച് ഇയാളെ പിടികൂടുകമായിരുന്നു.