തിരുവനന്തപുരം: ആഴിമലയ്ക്കു സമീപം രണ്ടു പേർ കടലിൽ മുങ്ങി മരിച്ചു. തഞ്ചാവൂർ സ്വദേശി രാജാത്തി(45), ബന്ധുവായ സായ് ഗോപിക (9) എന്നിവരാണ് മരിച്ചത്. കരിക്കാത്തി ബീച്ചിനോടു ചേർന്ന് നടക്കുന്നതിനിടെ ഇരുവരും തിരയിൽപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇന്നു രാവിലെ ഏഴു മണിയോടെയായിരുന്നു അപകടം.
കോവളം, വിഴിഞ്ഞം തുടങ്ങി വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനായി തഞ്ചാവൂരിൽനിന്ന് വന്ന സംഘത്തിൽ ഉൾപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. ഇവർ കരിക്കാത്തി ബീച്ചിനോടു ചേർന്നുള്ള റിസോർട്ടിലായിരുന്നു താമസം. രാവിലെ നടക്കാനിറങ്ങിയ സമയത്ത് തിരയിലേക്കിറങ്ങിയതാണ് അപകടത്തിനു കാരണമായതെന്നാണ് വിവരം. ഇരുവരും മുങ്ങിത്താഴുന്നതു കണ്ട് കൂടെയുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കനത്ത തിരമാല നിമിത്തം സാധിച്ചില്ല. പിന്നീട് ലൈഫ്ഗാർഡ് എത്തിയാണ് ഇരുവരെയും കരയ്ക്കു കയറ്റിയത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.