തിരുവനന്തപുരം: ചിറയിന്‍കീഴില്‍ കഞ്ചാവും എംഡിഎംയുമായി ആറ് യുവാക്കള്‍ പൊലീസ് പിടിയില്‍. തെന്നൂര്‍ക്കോണം സ്വദേശി ജിഷ്ണു (26),കുറക്കട കൊച്ചാലുമൂട് സ്വദേശി അനസ് (25),പറയത്തുകോണം വട്ടുമുക്ക് സ്വദേശി അബ്ദുള്ള(19), കുറക്കട കൊച്ചാലുമൂട് സ്വദേശി ഹരിഹരന്‍ (24), മുടപുരം സ്വദേശി പ്രദിന്‍(24), ആറ്റിങ്ങല്‍ സ്വദേശി ശിവ (25) എന്നിവരാണ് പിടിയിലായത്.കുട്ടികളില്‍ ഉള്‍പ്പടെ ലഹരി ഉപയോഗം വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ തിരുവന്തപുരം റൂറല്‍ ഡാന്‍സഫ് ടീമും പൊലീസ് സംഘവും ചേര്‍ന്ന് ചിറയിന്‍കീഴ് മുടപുരം തെന്നൂര്‍ക്കോണം ഭാഗം കേന്ദ്രീകരിച്ചു നടത്തിയ പ്രത്യേക പരിശോധനയിലാണ് കഞ്ചാവും എംഡിഎംയുമായി യുവാക്കള്‍ പിടിയിലായത്.ലഹരി പദാര്‍ത്ഥങ്ങള്‍ വില്പനയ്ക്കായി തെന്നൂര്‍കോണം സ്വദേശി ജിഷ്ണുവാണ് ശേഖരിക്കുന്നത്. ജിഷ്ണുവിന്റെ വീട് കേന്ദ്രീകരിച്ച് രാത്രിയില്‍ ഉള്‍പ്പെടെ വിദ്യാര്‍ത്ഥികളും യുവാക്കളും വന്നു പോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നു. തുടര്‍ന്ന്, കുറച്ചു നാളുകളായി പ്രദേശത്ത് ഡാന്‍സാഫ് ടീം നിരീക്ഷണം നടത്തി വരികയായിരുന്നു. പരിശോധനയില്‍ 200 ഗ്രാം കഞ്ചാവും 320 മില്ലി ഗ്രാം എംഡിഎംഎയും അത് കുത്തി വയ്ക്കുന്ന സിറിഞ്ചുകളും കഞ്ചാവ് വലിക്കുന്ന പേപ്പറുകളും ഉള്‍പ്പെടെ പിടിച്ചെടുത്തിട്ടുണ്ട്.