ത്യക്കാക്കര: സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡില്‍ ഗതാഗതം നിയന്ത്രിക്കുന്നതിനിടെ പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍.വയനാട് ചെട്ടപ്പാല കിഴക്കേചരുവില്‍ റോബിന്‍ (23), വയനാട് പുല്‍പ്പള്ളി കണ്ടത്തില്‍പ്പറമ്പില്‍ ആല്‍ബിന്‍ ഷാര്‍ലി (25) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് സി.ഐ പി.ആര്‍. സന്തോഷിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. കഴിഞ്ഞ 16 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
പൊലീസ് വാഹനത്തിരക്ക് നിയന്ത്രിക്കവെ സ്കൂട്ടറില്‍ യാത്ര ചെയ്തുവന്ന പ്രതികള്‍ ട്രാഫിക്ക് തടസ്സം ഉണ്ടാക്കുന്ന രീതിയില്‍ വാഹനം നിറുത്തിയത് ചോദ്യംചെയ്തതാണ് പ്രകോപനത്തിന് കാരണം. പൊലീസ് ഡ്രൈവര്‍ സനീഷിനെ അസഭ്യം പറയുകയും യൂണിഫോമില്‍ പിടിച്ച് തള്ളുകയും ചെയ്തു. ഇതുകണ്ടുവന്ന കണ്‍ട്രോള്‍ റൂം വാഹനത്തിലെ ഡ്രൈവര്‍ സീബുവിനെയും സി.ഐ സന്തോഷിനെയും അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു. സ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു, പ്രതികളെ ബലം പ്രയോഗിച്ചാണ് സ്ഥലത്ത് നിന്ന് നീക്കംചെയ്തത്. പരിക്കുപറ്റിയ പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ ചികിത്സതേടി. റോബിന്‍ വയനാട് പുല്‍പ്പള്ളി സ്റ്റേഷനിലെയും ആലുവ സ്റ്റേഷനുകളിലെയും നിരവധി കേസുകളില്‍ പ്രതിയാണെന്ന് പൊലീസ്പറഞ്ഞു.