കൊച്ചി: മരട് പൊലീസ് സ്റ്റേഷന് സമീപം റോഡരികില്‍ അവശ നിലയില്‍ കണ്ടെത്തിയ ഹൃദ്രോഗിയായ യുവാവ് മരിച്ചു. നെട്ടൂര്‍ പുതിയാമഠം റോഡ് അടിമത്തറയില്‍ പരേതനായ കണ്ണന്റെയും മണിയുടെയും മകനും മത്സ്യത്തൊഴിലാളിയുമായ സുരേഷ് (40) ആണ് മരിച്ചത്.ഇന്നലെ ഉച്ചയോടെ പൊലീസ് സ്റ്റേഷൻ മതിലിന് പുറത്ത് അവശനിലയില്‍ കിടന്ന യുവാവിനെ നാട്ടുകാരും പൊലീസും കണ്ടെങ്കിലും മദ്യപനെന്ന് കരുതി അവഗണിക്കുകയായിരുന്നു.സുരേഷ് ഹൃദ്രോഗിയും മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടിയിട്ടുള്ളയാളുമാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വഞ്ചിയും വലയും സൂക്ഷിച്ച സ്ഥലത്ത് പോയി ഉച്ചയോടെ നെട്ടൂരിലെ വാടക വീട്ടിലേക്ക് മടങ്ങും വഴിയാണ് സംഭവം. ഉച്ചയ്ക്ക് 1.30 ഓടെ മരട് സ്റ്റേഷനിലേക്ക് വരികയായിരുന്ന ഹൈവേ പൊലീസ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ വിവരം അറിയിച്ചെങ്കിലും ഇയാള്‍ മദ്യപിച്ചു കിടക്കുകയായിരിക്കുമെന്ന് പറഞ്ഞ് മടങ്ങിയതായി നാട്ടുകാര്‍ പറഞ്ഞു.